വര്‍ണാഭമായി ചിലമ്പ് വിളംബരജാഥ
1492319
Saturday, January 4, 2025 12:58 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കലോത്സവമായ "ചിലമ്പ് 2025' ന് അരങ്ങുണര്‍ന്നു. കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ വര്‍ണാഭമായ വിളംബരജാഥ ശ്രദ്ധേയമായി. വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്തേകി. കടുംനിറങ്ങളില്‍ ആറാടിയ തെയ്യം രൂപങ്ങളും താളത്തില്‍ ചുവടുവച്ച് നീങ്ങിയ നൃത്തരൂപങ്ങളും കഥകളി, കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ സാന്നിധ്യവും ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയും തിടമ്പേറ്റിയ യന്ത്രവത്കൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റുകൂട്ടി.
മൂന്ന്, നാല്, ആറ് തീയതികളിലായാണ് കലാമേള. സര്‍വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്കു മുന്നോടിയായി വിവിധ പഠന വകുപ്പുകള്‍ മാറ്റുരയ്ക്കുന്ന ചിലമ്പ് കലാമേള കോളജ് യൂണിയന്റെ നേതൃത്വത്തിലാണു നടത്തപ്പെടുന്നത്. കലാരൂപങ്ങളിലെ വൈവിധ്യംകൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന കലാമേള വിദ്യാര്‍ഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍മരായ ഡോ. സേവ്യര്‍ ജോസഫ്, പ്രഫ. മേരി പത്രോസ്, അധ്യാപകര്‍, യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.