ടോറസ് ലോറിയുടെ പിൻചക്രം കയറി വീട്ടമ്മക്ക് ദാരുണാന്ത്യം
1492259
Friday, January 3, 2025 11:04 PM IST
കേച്ചേരി: ടോറസ് ലോറിയുടെ പിൻചക്രം കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പട്ടിക്കര സ്വദേശി രായംമാരക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷബിത (45) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
കടയിൽ നിന്ന് ഫ്രൂട്ട്സ് വാങ്ങി റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷബിതയുടെ തലയിലൂടെ ടോറസ് ലോറി കയറി. റോഡ് നിർമാണത്തിനായി ഇറക്കിയ മെറ്റൽ കൂനയിൽ നിന്ന് ടോറസ് ലോറി പിന്നിലേക്ക് ഇറങ്ങിയാണ് അപകടം. ഉടൻ തന്നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഗോവ കേന്ദ്രീകരിച്ചുള്ള ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ കൗക്കാനപെട്ടി സ്വദേശി കിഴിക്കിട്ടിൽ വീട്ടിൽ മനോജി (42)നെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിനിടയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മക്കൾ: ഷൈമ, നീമ, ഷിഫ (ഡിഗ്രി വിദ്യാർഥി), മിസ്ബ (കോൺ കോട് സ്കൂൾ വിദ്യാർഥിനി ). മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.