പാലയൂർ പള്ളിയിലെ കരോൾ തടയൽ; എസ്ഐക്ക് എതിരേ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്ത്
1492080
Friday, January 3, 2025 1:46 AM IST
തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കു കത്ത് കൈമാറി.
സംഭവത്തെതുടർന്ന് എസ്ഐ വിജിത്തിനെ വീടിനുസമീപത്തെ സ്റ്റേഷനിലേക്കു സ്ഥലംമാറ്റിയിരുന്നു. ഇതിനു പിറകെയാണ് സിപിഎം ഇടപെടൽ. പാർട്ടിയുടെ പ്രാദേശികനേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തിൽ ഇടപെട്ടത്.
നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ക്രിസ്മസ് ആഘോഷം തടഞ്ഞ വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ച് ബിജെപിയും രംഗത്തുവന്നിട്ടുണ്ട്.
ഇതിനുപുറമെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് എസ്ഐ വിജിത്ത് ധിക്കാരം കാട്ടിയെന്നും സംഭവദിവസം എസ്ഐയോടു ഫോണിൽ സംസാരിക്കാൻ ശ്രമിച്ച സുരേഷ് ഗോപിയോട് എസ്ഐ സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്നും ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് പറഞ്ഞു.