മുകുന്ദപുരം താലൂക്കിലെ വെള്ളംകയറിയ വീടുകള്‍ക്ക് ഒന്നരക്കോടി
1492907
Monday, January 6, 2025 1:41 AM IST
ഇരിങ്ങാലക്കുട: 2024 ല്‍ വെള്ളം കയറിയ മുകുന്ദപുരം താലൂക്ക് പരിധിയിലെ വീടുകള്‍ക്കായി 5000 രൂപ വീതം അനുവദിച്ചു. 3177 വീടുകളാണ് പട്ടികയിലുള്ളത്. 1, 58, 85, 000 രൂപയാണ് ഈയിനത്തില്‍ അനുവദിച്ചിരിക്കുന്നതെന്നും അടുത്ത ആഴ്ച മുതല്‍ ഫണ്ട് കൊടുത്ത് തുടങ്ങുമെന്നും മുകുന്ദപുരം തഹസില്‍ദാര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ അറിയിച്ചു. തൃശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ടിപി യുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് നിര്‍മാണ പ്രവൃത്തി വീണ്ടും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 50 ശതമാനം പ്രവൃത്തി മാത്രമേ പൂര്ത്തീകരിച്ചിട്ടുള്ളൂവെന്നും കരുവന്നൂരില്‍ റോഡിന്റെ ഇരുവശത്തും പൈപ്പിടാന്‍ കുഴിച്ചശേഷം റോഡ് പൂര്‍വസ്ഥിതിയില്‍ ആക്കിയിട്ടില്ലെന്നും പൊടിശല്യം രൂക്ഷമാണെന്നും കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി പറഞ്ഞു.
നിര്‍മാണപ്രവൃത്തികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും കാലപ്പഴക്കംവന്ന പൈപ്പുകള്‍ മാറ്റുന്നതോടെ വിതരണശൃംഖല മെച്ചപ്പെടുമെന്നും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ വിശദീകരിച്ചു. കാട്ടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ ഫലത്തില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയ്ക്ക് വ്യവസായ യൂണിറ്റുകള്‍ മാത്രമല്ല കാരണമെന്നും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പഞ്ചായത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്കി. മൂര്‍ക്കനാട് ബണ്ട് ഇറിഗേഷന്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് യോഗത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാസത്തില്‍ ഒരിക്കല്‍ കൂടുന്ന വികസനസമിതി യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ വിശദീകരണം തേടുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ആരും എത്തിയിരുന്നില്ല.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, ലിജി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.