ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 10 മുതൽ
1492914
Monday, January 6, 2025 1:41 AM IST
തൃശൂർ: എട്ടാമത് തൃശൂർ ഇന്റർനാഷണൽ ഫോക്ലോർ ഫിലിം ഫെസ്റ്റിവൽ 10ന് തുടങ്ങും. തൃശൂർ രാംദാസ് / രവികൃഷ്ണ തിയേറ്റർ, സെന്റ് തോമസ് കോളജ്, ഗവണ്മെന്റ് കോളജ് ഓഫ് ഫൈൻ ആർട്ട്സ് എന്നിവിടങ്ങളിൽ നടക്കുന്ന മേള 15ന് സമാപിക്കും. തൃശൂർ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ഭൗമം സോഷ്യൽ ഇനീഷ്യേറ്റീവ്, സെന്റ് തോമസ് കോളജ്, നാട്ടു കലാകാരകൂട്ടം എന്നിവരുടെ നേതൃത്വത്തിൽ ആറു ദിവസങ്ങളിലായി 35 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.
രാജ്യത്തെ ഏറ്റവും വലിയ ഫോക് ലോർ ഫിലിം ഫെസ്റ്റിവലാണിത്. രാജ്യാന്തര വിഭാഗത്തിൽ ആറു ഫീച്ചർ സിനിമകൾ, 16 ഹ്രസ്വ - ഡോക്കുമെന്ററി -അനിമേഷൻ സിനിമകൾ ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള 22 സിനിമകൾ മത്സരിക്കും. ഇന്ത്യൻ ഫോക് വിഭാഗത്തിൽ അഞ്ച് ഫീച്ചർ സിനിമകൾ പതിനാല് ഹ്രസ്വ - ഡോക്കു മെന്ററി-അനിമേഷൻ സിനിമകൾ ഉൾപ്പെടെ 19 സിനിമകൾ മത്സരിക്കുമെന്നു സംഘാടകർ അറിയിച്ചു. 150 ഹ്രസ്വ, ഡോക്കുമെന്ററി, അനിമേഷൻ, ഫീച്ചർ സിനിമകളുമുണ്ടാകും. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും മത്സരിക്കുന്ന സിനിമകളിൽ മികച്ച സിനിമയ്ക്ക് 50,000 രൂപവീതവും രണ്ടാമത്തെ മികച്ച സിനിമകൾക്ക് 25,000 രൂപവീതവും കാഷ് അവാർഡ് നൽകും.
ജപ്പാനിൽനിന്ന് അനദർ ടൈം, ഇറാനിൽനിന്ന് ടാസിയെൻ, ദിസ് കണ്ട്രോളബിൾ ക്രൗഡ്, ഇന്ത്യയിൽ നിന്നുള്ള വന്ദന മേനോനും ദേഭാഷിഷ് നന്ദിയും സംയുക്തമായി സംവിധാനം ചെയ്ത മോറിസിക്ക: ദി സ്റ്റോറി ഓഫ് ദി ബോട്ട്മാൻ, അമേരിക്കയിൽനിന്നുള് ദി ഫൈനൽ റൗണ്ട്, ചിലിയിൽനിന്ന് വൈതിയാരെ കാൽട്ട നെഗർ ഇക്കയുടെ ദി ലെജൻഡ് ഓഫ് യുഹോ തെ യുക എന്നിവയാണു പ്രദർശിപ്പിക്കുന്ന പ്രധാന ഫീച്ചർ സിനിമകൾ.
വുമണ്‍: ദി ഇൻവിസിബിൾ സപ്പോർട്ട് ഓഫ് ദി ബോർഡർ- അർജന്റീന, ബേർഡ് ഡ്രോണ്‍- ഓസ്ട്രേലിയൻ അനിമേഷൻ, ദി ടേസ്റ്റ് ഓഫ് ഹണി- ബഗ്ലാദേശ്, ദാമോറി എബൌട്ട് ലവ്- ബൾഗേ റിയ, എൻഡോസി- ഗബോണ്‍, മോണിസ്റ്റോ- റഷ്യൻ, അഫ്രാത്ത്- ഇറാൻ, എവരിവണ്‍ സിംഗ്സ്- ഇറാൻ, ഹ്യൂമൻ കാർണിവൽ- ഇന്ത്യ, ക്രോക്ക് ഷോ- ഇന്ത്യ, സിറ്റ് സോങാ ഫോക് ടെയിൽസ്: ദി സ്റ്റോറി ഓഫ് ഫ്രഡ്ഡി റിഖോട്സോ- സൗത്ത് ആഫ്രിക്ക, ദി പാർട്ടി- സ്പെയിൻ, തോട്ട് ബിക്കം തിംഗ്സ്- ബെർമുഡ, ലെജൻഡ്സ് ലോസ്റ്റ്- പാക്കിസ്ഥാൻ, ലെ ഉൾട്ടിമ മോള- പനാമ, ടാക്നെനെസ് വുമണ്‍ ആൻഡ് ദി ഫ്ലാഗ് പ്രൊസസഷൻ- പെറു എന്നീ സിനിമകൾ മത്സരത്തിനുണ്ട്.