നീഡ്സ് 17 ന് അനുസ്മരണപദയാത്രയും ഗാന്ധിസ്മൃതിസംഗമവും നടത്തും
1492081
Friday, January 3, 2025 1:46 AM IST
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ മണ്ണായ ഇരിങ്ങാലക്കുടയില്‍ നീഡ്സിന്റെ ആഭിമുഖ്യത്തില്‍ 17 ന് അനുസ്മരണപദയാത്രയും ഗാന്ധിസ്മൃതിസംഗമവും നടക്കും.
1934 ജനുവരി 17 ന് ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി എത്തിയപ്പോള്‍ അദ്ദേഹം പങ്കെടുത്ത ചെളിയാംപാടം സമ്മേളനസ്ഥലത്തുനിന്നും ഗാന്ധിജി വിശ്രമിച്ച പഴയ തിരുവിതാംകൂര്‍ സത്രമായ ഇപ്പോഴത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് അനുസ്മരണപദയാത്രയും തുടര്‍ന്ന് ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഗാന്ധിസ്മൃതിസംഗമവും നടക്കും.
പ്രമുഖ ഗാന്ധിയന്‍ ഡോ. പി.വി. കൃഷ്ണന്‍നായര്‍ സന്ദേശം നല്‍കും. നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന്, വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, സെക്രട്ടറി ബോബി ജോസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.പി. ദേവദാസ്, ട്രഷറര്‍ ആശാലത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.