അടിപ്പാത നിര്‍മാണം: ആമ്പല്ലൂരില്‍ രണ്ടാമത്തെ പാതയും പൊളിച്ചു
1492303
Saturday, January 4, 2025 12:30 AM IST
ആമ്പല്ലൂര്‍: ബദല്‍സംവിധാനം ഒരുക്കാതെ ആമ്പല്ലൂര്‍ അടിപ്പാതനിര്‍മാണത്തിനായി ദേശീയപാതയുടെ രണ്ടാമത്തെ പാതയും പൊളിച്ചുതുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ എറണാകുളം ഭാഗത്തേക്കുളള റോഡാണ് വ്യാഴാഴ്ച രാത്രി പൊളിച്ചുതുടങ്ങിയത്. നേരത്തേ രണ്ടാമത്തെ പാതയില്‍ അടിപ്പാതയ്ക്കായി കുഴിയെടുക്കുന്നതു വെള്ളിയാഴ്ച തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍, ഗതാഗതപരിഷ്കാരത്തിന്റെ ട്രയലിനുപിന്നാലെ ദേശീയപാത പൊളിച്ചുതുടങ്ങുകയായിരുന്നു. ഇതോടെ ആമ്പല്ലൂര്‍ സെന്ററിലും സര്‍വീസ് റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി.
ശോച്യാവസ്ഥയിലുള്ള സര്‍വീസ് റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതാണ് ഇപ്പോള്‍ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്. നേരത്തേ ഒന്നാമത്തെ പാതയിലെടുത്ത അടിപ്പാതയുടെ അടിത്തറനിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. എന്നാല്‍ വാഹനഗതാഗതത്തിനു പ്രയോജനപ്പെടുത്താവുന്ന സാഹചര്യമില്ല.
ചിമ്മിനി - വരന്തരപ്പിള്ളി റോഡില്‍നിന്നുള്ള വാഹനങ്ങള്‍ ആമ്പല്ലൂര്‍ സെന്ററില്‍ ഇടത്തോട്ടുതിരിഞ്ഞ് യു ടേണ്‍ തിരിഞ്ഞ് ദേശീയപാത മുറിച്ചുകടന്ന് എതിര്‍വശത്തെ സര്‍വീസ് റോഡിലെത്തിയശേഷം തൃശൂര്‍ ഭാഗത്തേക്കു പോകുന്നവിധമാണ് ഗതാഗതപരിഷ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 26 നുമുമ്പ് സര്‍വീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് സുഗമമായ വാഹനയാത്രയ്ക്കു സൗകര്യമൊരുക്കുമെന്നു ദേശീയപാത അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മൂന്നര മാസത്തിനുശേഷവും സര്‍വീസ് റോഡുകൾ നന്നാക്കിയിട്ടില്ല. ഇവിടെ മെറ്റല്‍ വിരിച്ചത് അതേപടി കിടക്കുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാണ്.
സര്‍വീസ് റോഡ് പൂര്‍ത്തിയാക്കാതെ ഗതാഗതപരിഷ്കാരം നടപ്പാക്കിയതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വാഹനത്തിരക്ക് രൂക്ഷമായിരുന്നു. ദേശീയപാതയില്‍ മണലി പാലംവരെയും പുതുക്കാട് കെഎസ്ആര്‍ടിസി. സ്റ്റാൻഡ് വരെയും വാഹനങ്ങളുടെ വരി എത്തിയിരുന്നു.
നവീകരിച്ച രൂപരേഖപ്രകാരം ബോക്സ് ടൈപ്പ് അണ്ടര്പാസേജാണ് ആമ്പല്ലൂരില്‍ വരുന്നത്.