പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി
1492074
Friday, January 3, 2025 1:45 AM IST
തൃശൂർ: വിവാദങ്ങൾക്കും കോടതി ഇടപെടലിനും കാത്തിരിപ്പിനും ഒടുവിൽ പാറമേക്കാവ് വേലയുടെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ ഭരണകൂടം. ഉപാധികൾക്കു വിധേയമായി വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നൽകിയ ഉത്തരവിനെതുടർന്നാണ് അനുമതി.
കോടതി നിർദേശിച്ച രേഖകൾ ഇന്നലെ എഡിഎമ്മിനു പാറമേക്കാവ് ദേവസ്വം കൈമാറിയിരുന്നു. ഇതോടെയാണ് ഭരണകൂടം അനുകൂലനിലപാട് സ്വീകരിച്ചത്. ഉത്തരവനുസരിച്ച് നാളെ പുലർച്ചെ 12.30 മുതൽ രണ്ടുവരെ പരമാവധി 100 കിലോഗ്രാം അളവിൽ ഓലപ്പടക്കം ഉൾപ്പെടെ നിർമിത പടക്കങ്ങൾ ഉപയോഗിക്കാം. നിരോധിതവസ്തുക്കൾ ചേർക്കാൻ പാടില്ല. പെസോ മാനദണ്ഡങ്ങൾ അനുവർത്തിക്കണമെന്നും ഉത്തരവിൽ എഡിഎം ടി. മുരളി ആവശ്യപ്പെട്ടു.
വെടിക്കെട്ടിനു നിയോഗിക്കുന്നവർ പ്രത്യേക യൂണിഫോം ധരിക്കണം. ഇവരുടെ പേരുവിവരങ്ങളും അധികൃതർക്കു സമർപ്പിക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ പൊട്ടിക്കാൻ പാടില്ല. ഫയർലൈനിൽനിന്നു 100 മീറ്റർ അകലത്തിൽ കാണികളെ മാറ്റിനിർത്തണമെന്നും എഡിഎം നിർദേശിച്ചു.
നിലവിൽ വെടിക്കെട്ടുസാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ വൃത്തിയാക്കിയെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് സത്യവാങ്മൂലം നൽകിയിരുന്നു. പെസോയുടെ പരീക്ഷ രണ്ടുപേർ പാസായതിന്റെ വിശദാംശവും ഇൻഷ്വറൻസ് സംബന്ധിച്ച രേഖകളും കൈമാറി.
നേരത്തേ നൽകിയ അപേക്ഷ ജില്ലാ അധികൃതർ നിഷേധിച്ചതോടെയാണ് ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. തിരുവന്പാടി ദേവസ്വവും പെസോയുടെ പരീക്ഷ പാസായതുൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുന്നതോടെ അവർക്കും വേല വെടിക്കെട്ടിന് അനുമതി നൽകിയേക്കും.
ഇന്നാണ് പാറമേക്കാവ് വേലയെന്നതു പരിഗണിച്ച് ഇന്നലെത്തന്നെ അനുമതി നൽകുന്ന കാര്യത്തിൽ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഞായറാഴ്ചയാണ് തിരുവന്പാടി വേല. തിരുവന്പാടി ഇന്നുതന്നെ രേഖകൾ കൈമാറും.