മാന്‍ ബൈക്കില്‍ വന്നിടിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്
1492311
Saturday, January 4, 2025 12:58 AM IST
പാലപ്പിള്ളി: വലിയകുളത്ത് മാന്‍ ബൈക്കില്‍ വന്നിടിച്ച് ദമ്പതികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്.
വേലൂപ്പാടം വെണ്ണൂറാന്വീട്ടില് ഹസൈനാര്‍(62), ഭാര്യ പാത്തുമ്മ(54), ഹസൈനറുടെ സഹോദരന്റെ മകള്‍ വലിയകുളം പള്ളിപ്പുറത്ത് നൗഷാദ് ഭാര്യ സക്കീന(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
തോട്ടം തൊഴിലാളികളായ പാത്തുമ്മയേയും സക്കീനയേയും ടാപ്പിംഗിനായി ഹാരിസണ്‍ തോട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വലിയകുളത്തുവെച്ച് തോട്ടത്തിന്റെ മതില്‍ചാടി റോഡിലേക്കുവന്ന മാന്‍ ബൈക്ക് ഇടിച്ചുമറിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് മൂന്നുപേര്‍ക്കും പരിക്കേറ്റത്.
പരിക്കേറ്റ ഇവരെ നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പാത്തുമ്മയ്ക്കും സക്കീനയ്ക്കും തലയ്ക്കാണ് പരിക്ക്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളായ സുഹറ മജീദ്, അഷറഫ് ചാലിയത്തൊടി എന്നിവരും ആശുപത്രിയിലെത്തി. മേഖലയിലെ വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്നും തോട്ടം തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും പഞ്ചായത്തംഗം സുഹറ മജീദ് ആവശ്യപ്പെട്ടു.