അലോപ്പതി, ആയുർവേദ വൈദ്യൻ ഇന്നു മുതൽ വൈദികൻ
1492306
Saturday, January 4, 2025 12:30 AM IST
സ്വന്തം ലേഖകൻ
കുരിയച്ചിറ: "ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു...' അവസാനവിധിയെക്കുറിച്ച് വേദപുസ്തകത്തിലെ പരാമർശം ജീവിതദൗത്യമായെടുത്ത് കർത്താവിന്റെ മുന്തിരിത്തോപ്പിൽ വേലചെയ്യാൻ ഇന്ന് അഭിഷിക്തനാവുകയാണ് കുരിയച്ചിറ കുരുതുകുളങ്ങര കെ.സി. റപ്പായിയുടെയും ലീലാമ്മയുടെയും ഏകമകൻ ഡീക്കൻ ഡോ. സുമേഷ് കുരുതുകുളങ്ങര.
കുഞ്ഞുന്നാളിലേ അൾത്താരബാലനായിരുന്നതിനാൽ വൈദികനാകണമെന്നു മോഹമുദിച്ചു. എസ്എസ്എൽസി പാസായതോടെ ദൈവവിളി ക്യാന്പിലും പങ്കെടുത്തു. അന്നു ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ ഡയറക്ടറായിരുന്ന ഡോ. ഫ്രാൻസിസ് ആലപ്പാട്ടച്ചൻ ക്ലാസെടുക്കാനെത്തി. അന്നാണ് ഡോക്ടറായശേഷം വൈദികനാകണമെന്ന തീരുമാനമെടുത്തത്.
പ്ലസ് ടു പഠനശേഷം എൻട്രൻസ് എഴുതി. 1500 -നോടടുത്തതായിരുന്നു റാങ്ക്. തൃപ്പൂണിത്തറ ആയുർവേദ കോളജിൽ ചേർന്ന് ബിഎഎംഎസ് കരസ്ഥമാക്കി. തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചേർന്ന് എംബിബിഎസ്. ഇതിനിടെ ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജീവമായി. ഇതോടെ വൈദ്യനായാൽമാത്രം പോരാ, വൈദികൻകൂടിയാകണമെന്ന് ഉറപ്പിച്ചു.
യേശു രോഗികളെ സുഖപ്പെടുത്തുന്ന ചിത്രമായിരുന്നു മനസിൽ. അപ്പോഴാണ് അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾക്കൊപ്പം സ്വന്തം ജീവൻ ത്യജിച്ചും രോഗികളെ ശുശ്രൂഷിക്കും എന്ന വ്രതംകൂടിയുള്ള കമീലിയസ് സഭയിൽ എത്തിച്ചേർന്നത്. അയർലൻഡിൽ നഴ്സായി ജോലിചെയ്യുന്ന സഹോദരി സിമി വിൻസെന്റും പ്രചോദനമായി. കഴിഞ്ഞ 25 വർഷമായി ജറുസലേം ധ്യാനകേന്ദ്രത്തിൽ പ്രേഷിതയായ അമ്മയും പ്രോത്സാഹിപ്പിച്ചു.
33 -ാം വയസിലായിരുന്നു സെമിനാരിപ്രവേശനം. മംഗലപ്പുഴ, ബംഗളൂരു ധർമാരാം സെമിനാരികളിലായി വൈദികപഠനം പൂർത്തിയാക്കി. ഇന്നു തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിക്കും. കുരിയച്ചിറ പള്ളിയിൽ നവീകരണം നടക്കുന്നതിനാൽ തൃശൂർ പുത്തൻപള്ളിയിൽവച്ച് രാവിലെ ഒൻപതിനാണ് തിരുപ്പട്ടശുശ്രൂഷ.
മണിപ്പൂർ കലാപത്തിനിടെ പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ ഡീക്കൻ സുമേഷ് കുരുതുകുളങ്ങര മുൻനിരയിൽ ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ തീക്ഷ്ണത വിളിച്ചോതുന്നു.