വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി
1492304
Saturday, January 4, 2025 12:30 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വനംവകുപ്പിന്റെ ഔദ്യോഗിക റേഡിയോ ഫ്രീക്വൻസി ദുരുപയോഗം ചെയ്തു സ്വകാര്യ വയർലെസ് സെറ്റ് ഉപയോഗിച്ചെന്ന ആരോപണത്തിൽ ജീവനക്കാരനെതിരേ നടപടി. ചാലക്കുടി വനം ഡിവിഷനുകീഴിലെ ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. അനിൽകുമാറിനെരേയാണ് നടപടി. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റാനും തുടർശിക്ഷാനടപടികൾ സ്വീകരിക്കാനും മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി.
അനധികൃത ചൈനീസ് വയർലെസ് സെറ്റ് ഉപയോഗിച്ചു വനം, പോലീസ്, എക്സൈസ് സേനകളുടെ രഹസ്യനീക്കങ്ങൾ വനമേഖലയിലെ വാറ്റുകാർക്കും വേട്ടക്കാർക്കും കഞ്ചാവുകൃഷിക്കാർക്കും ചോർത്തിനൽകിയെന്നു വനം വിജിലൻസ് കുറ്റപത്രം നൽകിയതിനു പിന്നാലെയാണു നടപടി. വനംവകുപ്പ് വിജിലൻസ് എസിഎഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അച്ചടക്കനടപടിയെടുക്കാൻ വനം വിജിലൻസ് മേധാവി ശിപാർശ ചെയ്തിട്ടും ഉദ്യോഗസ്ഥൻ പദവിയിൽ തുടരുന്നതു കഴിഞ്ഞദിവസം വാർത്തയായിരുന്നു.
ചൈനീസ് വയർലെസ് സൈറ്റ് ഉപയോഗിച്ചു രഹസ്യസന്ദേശങ്ങൾ ചോർത്തുന്നെന്ന പരാതി എറണാകുളം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ആണ് ആദ്യം അന്വേഷിച്ചത്. പരാതി സത്യമാണെന്നും വനംവകുപ്പിന്റെ ഫ്രീക്വൻസി സെറ്റ് ചെയ്ത് ഉപയോഗിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ റിപ്പോർട്ട് കോഴിക്കോട് ഇൻസ്പെക്ഷൻ ആൻഡ് ഇവാല്വേഷൻ ഫോറസ്റ്റ് കണ്സർവേറ്ററുടെ വിജിലൻസ് എസിഎഫിനു കൈമാറുകയായിരുന്നു.
ചാലക്കുടി വനം ഡിവിഷനു കീഴിലെ പരിയാരം റേഞ്ചിലെ ചായ്പൻകുഴി കേന്ദ്രീകരിച്ചു വനത്തിനുള്ളിൽ നിയമവിരുദ്ധപ്രവർത്തനങ്ങൾ വർധിക്കുന്നെന്നു കണ്ടെത്തിയിരുന്നു. പോലീസും എക്സൈസും നടത്തിയ രഹസ്യനീക്കങ്ങൾ പലതും ചോർന്നു. വനത്തിനുള്ളിലെ പരിശോധനയ്ക്കു വനംവകുപ്പിന്റെ സഹായവും ലഭിച്ചില്ല. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിനിടെയാണ് അനധികൃത വയർലെസ് ഉപയോഗത്തെക്കുറിച്ചും പരാതി ലഭിച്ചത്. സംഭവത്തെക്കുറിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിക്കുമെന്നാണു വിവരം.