വേപ്പൂര്‍ എസ്ടി നഗറില്‍ വീട് വീണു; ഗൃഹനാഥന് രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
1492751
Sunday, January 5, 2025 7:39 AM IST
വരന്തരപ്പിള്ളി: ശക്തമായ കാറ്റില്‍ അളഗപ്പനഗര്‍ പഞ്ചായത്തിലെ വേപ്പൂര്‍ എസ്ടി നഗറില്‍ വീട് വീണു. അവരിയാട്ടുങ്ങല് കുഞ്ഞന്റെ ഓടിട്ട വീടാണ് തകര്‍ന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം.
78കാരനായ കുഞ്ഞനും ഭാര്യ കാര്ത്തുവുമാണ് വീട്ടില്‍ താമസിക്കുന്നത്. അപകടസമയത്ത് കുഞ്ഞന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
കഴിഞ്ഞ മഴയില്‍ ചുമരില്‍ വിള്ളല്‍ വീണ വീട് ശോച്യാവസ്ഥയിലായിരുന്നു. പഞ്ചായത്തിലും ട്രൈബല്‍ വകുപ്പിലും അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസം തൃശൂര്‍ കളക്ടറേറ്റിലും അപേക്ഷ നല്‍കിയിരുന്നു. പട്ടികവര്‍ഗവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് അപകടം സംഭവിച്ചത്. 2009ല്‍ ഇന്ദിര ആവാസ് യോജന പദ്ധതിയിലാണ് വീട് നിര്‍മിച്ചത്.