ബിജെപി മുന്നേറ്റം: ഇടതുവലതു മുന്നണികൾ പതർച്ചയിലെന്നു സുരേഷ് ഗോപി
1492757
Sunday, January 5, 2025 7:39 AM IST
തൃശൂർ: കരുവന്നൂരിലെ പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം കവർന്നെടുത്തവരെയാണ് തൃശൂരിലെ ജനങ്ങൾവഴി കേരളജനത തോല്പിച്ചതെന്നും അത് ഇനിയും തുടരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം, കിരീടം, ഗോപിയാശാൻ എന്നിങ്ങനെ അനാവശ്യവിവാദങ്ങൾ അവർ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങൾക്ക് കാര്യം മനസിലായെന്നും അവർ ബിജെപിയെ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ പുതിയ ജില്ലാ ഓഫീസ് "നാമോഭവന്റെ' ഉദ്ഘാടനം നിർവഹിക്കുകയിരുന്നു കേന്ദ്രമന്ത്രി.
സംസ്ഥാനത്തെ ഇടതു വലതു മുന്നണികൾ ഇന്നിപ്പോൾ പതർച്ചയിലാണ്. ബിജെപിയുടെ മുന്നേറ്റം അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ജനത്തിനു ശരിയെന്തെന്നു മനസിലായി. തന്നെ ക്രൂശിക്കാൻ പലവഴികൾ തേടിയവർ എന്തേ കരുവന്നൂർ വിഷയം ഉന്നയിച്ചു രംഗത്തുവരുന്നില്ല, അവർക്കു സ്വാന്തനം ഏകിയില്ല. അവർക്കു സ്വാന്തനമാകാൻ ബിജെപിക്ക് അവസരം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയകാലാവസ്ഥ ബിജെപിക്ക് അനുകൂലമാണെന്നും ബിജെപിക്കുമാത്രമേ കേരളത്തിനെ ഇനി രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. നിലവിൽ ഇടതു വലതുമുന്നണികൾ വെപ്രാളത്തിലാണ്.
അതുകൊണ്ടുതന്നെ പലവിധ വിവാദങ്ങൾ സൃഷ്ടിക്കാനും ഇരുകൂട്ടരും ശ്രമിക്കും. ക്ഷേത്രങ്ങളിൽ ഷർട്ട് ഇടുന്നതോ ഇടാത്തതോ അല്ല നാടിനു ആവശ്യം. അതെല്ലാം ഓരോ മതമേലധികാരികളും തീരുമാനിച്ചുകൊള്ളുമെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ. നാഗേഷ്, കെ.വി. സദാനന്ദൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ, അഡ്വ. കെ.ആർ. ഹരി, ഷാജുമോൻ വട്ടേക്കാട്, അതുല്യ ഘോഷ് തുടങ്ങിയവർ പങ്കെടുത്തു.