ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ നാ​ട്ടു​കാ​രു​ടെ വ​ക​യാ​യി ന​ട​ത്തു​ന്ന ഏ​ക ആ​ഘോ​ഷ​മാ​യ പി​ള്ളേ​ര് താ​ല​പ്പൊ​ലി ഇ​ന്ന് ആ​ഘോ​ഷി​ക്കും. താ​ല​പ്പൊ​ലി​യു​ടെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ന​ട ഇ​ന്ന് 11.30ന് ​അ​ട​യ്ക്കും.

ഉ​ച്ച​ക്ക് 12ന് ​ഭ​ഗ​വ​തി​യു​ടെ പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ, വൈ​ക്കം ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​വും തി​രി​ച്ചെ​ഴു​ന്നെ​ള്ളി​പ്പി​ന് പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ ന​യി​ക്കു​ന്ന മേ​ള​വു​മാ​ണ്. 1500 പ​റ​ക​ളാ​ണ് ഭ​ക്ത​ർ ഭ​ഗ​വ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്. തി​രി​ച്ചെ​ഴു​ന്നെ​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ​ത്തി​യാ​ൽ കോ​മ​രം സു​രേ​ന്ദ്ര​ൻ നാ​യ​ർ തു​ള്ളി പ​റ​ക​ൾ സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് കു​ള​പ്ര​ദ​ക്ഷ​ണ​മാ​ണ്. രാ​ത്രി​യി​ലെ എ​ഴു​ന്ന​ള്ളി​പ്പോ​ടെ സ​മാ​പ​ന​മാ​കും. മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.