ആരോഗ്യമേഖല വ്യവസായമായി മാറുന്പോൾ ജൂബിലി മിഷൻ ആശ്വാസം: തുഷാർ ഗാന്ധി
1492755
Sunday, January 5, 2025 7:39 AM IST
തൃശൂർ: ആരോഗ്യമേഖല ലാഭമുണ്ടാക്കുന്ന വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന വേളയിൽ പാവപ്പെട്ട രോഗികൾക്ക് ആശ്വാസം ലഭിക്കാൻ ജൂബിലി മിഷൻപോലെയുള്ള സ്ഥാപനങ്ങൾ അത്യാവശ്യമാണെന്നു തുഷാർ ഗാന്ധി. 72 വർഷം പഴക്കമുള്ള ജൂബിലി ആശുപത്രിയിൽ 60 വർഷം സേവനമനുഷ്ഠിച്ച ഡോ. എഡൻവാലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഭാഷണപരന്പര പെലിക്കാനസിൽ പ്രസംഗിക്കുകയായിരുന്നു തുഷാർ ഗാന്ധി.
ആരോഗ്യമേഖലയിലെ മിഷനറി കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയ ഹെൽത്ത് കെയർ മിഷനറി അവാർഡ് ഒഡീഷയിലെ ബിസാംകട്ടക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. ജോണ് സി. ഉമ്മന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സമ്മാനിച്ചു. 50,001 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഡോ. ജോണ് സി. ഉമ്മനെയും അദ്ദേഹത്തിന്റെ ഭാര്യ മേഴ്സി ഉമ്മനെയും ജൂബിലി അഡ്വൈസറി ബോർഡ് അംഗം ജോർജ് പോൾ പൊന്നാടയണിയിച്ചു. ഫാ. വർഗീസ് കൂത്തൂർ അവാർഡ് തുക കൈമാറി.
ജൂബിലി മിഷൻ ആശുപത്രിയുടെ നവീകരിച്ച വെബ്സൈറ്റ് തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ഹാരി പോൾ റുബിക്സ് ക്യൂബുകൾകൊണ്ടു നിർമിച്ച മഹാത്മാഗാന്ധിയുടെ ചിത്രം തുഷാർഗാന്ധി അനാഛാദനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ തുഷാർ ഗാന്ധിയെക്കുറിച്ചു ലഘുവിവരണം നൽകി. ഡോ. എഡൻവാലയുടെ ഭാര്യ ഗുൽനാർ എഡൻവാല തുഷാർ ഗാന്ധിയെ പൊന്നാടയണിയിച്ചു. ഡോ. പി.ആർ. വർഗീസ് ഡോ. ജോണ് സി. ഉമ്മനെ പരിചയപ്പെടുത്തി. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ സ്വാഗതവും സിഇഒ ഡോ. ബെന്നി ജോസഫ് നന്ദിയും പറഞ്ഞു.