കവിതകൾ വായിക്കുന്ന ശീലം കുറഞ്ഞു: മധുസൂദനൻനായർ
1492736
Sunday, January 5, 2025 7:39 AM IST
ചേർപ്പ്: കവിതകൾ വായിക്കുന്ന ശീലം ആളുകളിൽ കുറഞ്ഞതായി കവി പ്രഫ.വി. മധുസൂദനൻനായർ അഭിപ്രായപ്പെട്ടു. പെരുവനം രാജ്യാന്തര ഗ്രാമോത്സവം കലർപ്പ് രണ്ടാം ദിനമായ ഇന്നലെ കവിതയിലെ മധുജ്ഞാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയും ആകാശവും ആത്മാവുമെല്ലാം എല്ലാ ഭൂതങ്ങൾക്കും മധുവാകുന്നു. ഉറവു തേടുന്ന മണ്ണിൽ മനുഷ്യജീവിതം മഹത്തരവും പ്രപഞ്ചംമുഴുവൻ സംഗീതവുമാണ്. വർഷങ്ങൾ പിന്നിടുമ്പോഴും പെരുവനം ഗ്രഹങ്ങളാല് സമ്പന്നമായി ഗ്രഹവനമായ കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് മധുസൂദനൻനായർ പറഞ്ഞു. കലർപ്പിന്റെ ഊർജവും ശുദ്ധി എന്ന മിഥ്യയും എന്ന വിഷയത്തിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ പ്രഭാഷണംനടത്തി.
സാംസ്കാരിക പൈതൃകത്തെക്കുറിച്ച് നടന്ന അവതരണത്തിൽ ഡോ. സുധാ ഗോപാലകൃഷ്ണൻ, കെ. സതീഷ് നമ്പൂതിരിപ്പാട്, ബി. അനന്തകൃഷ്ണൻ, അനീഷ് രാജൻ, അഖിൽ പി. ധർമജൻ, ടി.ഡി. രാമകൃഷ്ണൻ, സുകന്യ കൃഷ്ണ, അഖിൽ സത്യൻ, ആനന്ദ് ഏകർഷി, സംഗീത സംവിധായകൻ വിദ്യാധരൻ, ഗായകൻ ഇ. ജയകൃഷ്ണൻ, റഫീഖ് കേച്ചേരി, എ.വി. ശശി, നൗഷാദ് കൊല്ലം, ശ്രീജ നടുവം എന്നിവർ സംസരിച്ചു. കാവാലം ശ്രീകുമാർ, കോട്ടയ്ക്കൽ മധു, സുദീപ് പാലനാട് എന്നിവർനയിച്ച രാഗസമന്വയവും ഹൃദ്യാനുഭവമായി.
ഗ്രാമോത്സവത്തിൽ ഇന്നുരാവിലെ 10ന് ’ചിട്ടയും കലാശഭേദങ്ങളും ചില അരങ്ങുപാഠങ്ങൾ’ രാമചന്ദ്രൻ കേളി ക്ലാസ് നയിക്കും. 11ന് നിരീക്ഷണത്തിന്റെ നേരറിയാൻ അഡ്വ. ജയശങ്കർ, ശ്രീജിത്ത് പണിക്കർ എന്നിവർ പങ്കെടുക്കും. ‘വയലാർ ഗാനങ്ങളിലെ ചാരുതയും കവിതാ സങ്കൽപ്പവും’ ഗാനരചിയതാവ് വയലാർ ശരത്ചന്ദ്രവർമ, തുടർന്ന് നടക്കുന്ന ക്ലാസുകളിൽ കെ.സി. നാരായണൻ, രാംമോഹൻ പാലിയത്ത്, ഡോ.പി. ഗീത, ടി.ആർ. ഇന്ദുഗോപൻ, മണിയൻപിള്ള എന്നിവർ പങ്കെടുക്കും. അഞ്ചിന് നടക്കുന്ന സമാപനസമ്മേളനത്തിൽ എഴുത്തുകാരൻ എം. മുകുന്ദൻ, എം.കെ. അനന്ദ് എന്നിവർ വിശിഷ്ടാതിഥികളാകും. ആറിന് ഡോ.പി. നാരായണൻകുട്ടി സ്മാരക ഐവറി പുരസ്കാര സമർപ്പണം. ഏഴിന് ടി.എം. കൃഷ്ണ നയിക്കുന്ന പാട്ടരങ്ങും ഉണ്ടാകും.