പുഴയ്ക്കൽ മൊബിലിറ്റി ഹബ് പദ്ധതി: നടപടികൾ നിർത്തി
1492911
Monday, January 6, 2025 1:41 AM IST
സ്വന്തം ലേഖകൻ
തൃശൂർ: രണ്ടു പതിറ്റാണ്ടുമുന്പു പദ്ധതിയിട്ട പുഴയ്ക്കൽ മൊബിലിറ്റി ഹബ് നിർമാണം അവസാനിപ്പിച്ചു. ഹബ് സ്ഥാപിക്കാനോ പ്രവർത്തിക്കുന്നതിനോയുള്ള നടപടികൾ നടക്കുന്നില്ലെന്നു കളക്ടറേറ്റിൽനിന്നുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ദീർഘദൂര ബസുകളെ നഗരത്തിലേക്കു കടക്കാതെ ഗതാഗതക്കുരുക്കു നിയന്ത്രിക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഹബ് ആരംഭിക്കാൻ വ്യവസായ വകുപ്പിനുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വർധിപ്പിച്ചുകിട്ടുന്നതിനായി തൃശൂർ സബ് കോടതിയിൽ ഭൂവുടമ ബോധിപ്പിച്ച കേസ് ഫയൽ പരിശോധിച്ച ശേഷമാണു മറുപടി.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയർമാനും തൃശൂർ ജില്ലാ കളക്ടർ എംഡിയുമായി തൃശൂർ മൊബിലിറ്റി ഹബ് സൊസൈറ്റി രൂപീകരിച്ചു പദ്ധതിയുടെ കണ്സൾട്ടൻസിയായി കിറ്റ്കോയെ തീരുമാനിച്ചു. ടെൻഡർ വിളിക്കാനും തീരുമാനമായിരുന്നു. ബസ് സ്റ്റാൻഡ്, പാർക്കിംഗ് സൗകര്യം, ഷോപ്പിംഗ് കോംപ്ലക്സ്, ഓഫീസ് കെട്ടിടം, പാർപ്പിട സമുച്ചയങ്ങൾ എന്നിവയ്ക്കു പുറമേ, സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ വാണിജ്യ ഇടവും ഉൾപ്പെടുത്തി. ഹബുമായി ബന്ധിപ്പിക്കുന്ന റോഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതോടൊപ്പം സിറ്റി ബസ് സർവീസ് പദ്ധതി ആരംഭിച്ച് ശക്തൻ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ് എന്നിവയുമായി ഹബിനെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ടായി. കോഴിക്കോട്, ഗുരുവായൂർ, തൃപ്രയാർ, കാഞ്ഞാണി, വാടാനപ്പിള്ളി എന്നിവിടങ്ങളിൽനിന്നു വരുന്ന ബസുകൾക്കു നേരിട്ടു ഹബിലേക്കു പോകാമെന്നതിനാൽ നഗരത്തിലെ തിരക്കും കുറയുമായിരുന്നു.
പുഴയ്ക്കൽ പാടത്ത് ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങുന്നതിന് വ്യവസായ വകുപ്പ് ഏറ്റെടുത്ത 51.4 ഏക്കർ ഭൂമിയിൽനിന്ന് 40 ഏക്കർ കിൻഫ്രയ്ക്കു കൈമാറിക്കൊണ്ട് 2005 ജൂലൈ എട്ടിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഭേദഗതി ചെയ്തു 40 ഏക്കറിൽനിന്ന് 10 ഏക്കർ ഭൂമി മൊബിലിറ്റി ഹബ് സൊസൈറ്റിക്കു പാട്ടത്തിനു നൽകുന്നതിനും ശേഷിക്കുന്ന 30 ഏക്കർ ഭൂമി കിൻഫ്രയുടെ പേരിൽ പോക്കുവരവു നടത്താനും സർക്കാർ അനുമതിനൽകി. സ്വകാര്യ പൊതുപങ്കാളിത്ത അടിസ്ഥാനത്തിൽ ഹബ് നിർമിക്കുന്നതിനുള്ള പദ്ധതി സാങ്കേതിക കുരുക്കിൽപ്പെടുകയായിരുന്നു.
2015ൽ ജനസന്പർക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്തിന പദ്ധതികളുടെ പ്രഖ്യാപനത്തോടെ വീണ്ടും മൊബിലിറ്റി ഹബ് പദ്ധതിക്കു ജീവൻ വച്ചു. 2015 ജൂലൈയിൽ തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ സൊസൈറ്റി മാനേജിംഗ് ഡയറക്ടർ കൂടിയായ അന്നത്തെ ജില്ലാ കളക്ടർ എം.എസ്. ജയ സ്ഥലത്തിന്റെ അവകാശരേഖകൾ ഏറ്റുവാങ്ങിയിരുന്നു. കിൻഫ്രയുടെകൈവശമുള്ള പത്തേക്കർ 99 വർഷത്തെ പാട്ടത്തിനാണു സൊസൈറ്റിക്കു കൈമാറിയത്. പ്രാഥമിക നടപടികൾക്കായി 30 ലക്ഷം രൂപയുടെ ഭരണാനുമതിയുമായി. യുഡിഎഫ് സർക്കാർ മാറിയതോടെ പദ്ധതി നിലച്ചു.