വാര്‍ഷികപദ്ധതി ഭേദഗതിക്കു നഗരസഭ യോഗത്തിന്റെ അംഗീകാരം
1492905
Monday, January 6, 2025 1:41 AM IST
ഇരിങ്ങാലക്കുട: 2024 -25 വര്‍ഷത്തെ രണ്ടാമത്തെ വാര്‍ഷികപദ്ധതി ഭേദഗതിക്ക് കൗണ്‍സില്‍ അംഗീകാരം. 1.07 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുകയെന്നും തുക 41 വാര്‍ഡുകളിലേക്കും തുല്യമായി നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാത്ത സാഹചര്യം നഗരസഭയില്‍ തുടരുകയാണെന്നും നഗരസഭ പരിധിയിലെ റോഡുകള്‍ തകര്‍ന്നുവെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ കരാറുകാരുടെ യോഗം വിളിക്കണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, ടി.കെ. ഷാജു, അല്‍ഫോണ്‍സ തോമസ്, സന്തോഷ് ബോബന് എന്നിവര്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം. കഴിഞ്ഞ ടേമിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നുവെന്നും ക്വട്ടേഷന്‍ സമ്പ്രദായത്തില്‍ എടുപ്പിക്കാമെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മാര്‍ച്ചിനുമുമ്പ് റോഡ് നിര്‍മാണപ്രവൃത്തികള്‍ പൂര്ത്തികരിക്കാമെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു. ഇതുസംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരെയും ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കാമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
മാലിന്യകേന്ദ്രമായി മാറിക്കഴിഞ്ഞ പൊറത്തൂച്ചിറയില് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ചുസ്ഥാപനങ്ങള്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഒരു സ്ഥാപനത്തില്‍ നിന്നും പതിനായിരം രൂപ പിഴ ഈടാക്കിയതായും ഇത് സംബന്ധിച്ച അഡ്വ. കെ.ആര്. വിജയയുടെ ചോദ്യത്തിനു മറുപടിയായി ചെയര്പേഴ്സന് അറിയിച്ചു. പട്ടണത്തിലെ ഹോട്ടലുകളില്‍നിന്നുള്ള മലിനജലം ജലാശയങ്ങളില്‍ തള്ളുന്ന വ്യക്തിയെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് സി.സി. ഷിബിന്‍ ആവശ്യപ്പെട്ടു.
പെരുന്നാള്‍, ഷഷ്ഠി ആഘോഷങ്ങള്ക്കുമുമ്പായി പരിസരത്തെ വാര്‍ഡുകളില്‍ ഹരിത കര്‍മസേനാംഗങ്ങള്‍ ചാക്കുകളിലായി വച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഭരണകക്ഷി അംഗം പി.ടി. ജോര്‍ജ് ആവശ്യപ്പെട്ടു. തകര്‍ന്നുകിടക്കുന്ന പള്ളിക്കാട് റോഡിന്റെ അവസ്ഥ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി. സുബ്രഹ്മണ്യന്, സി.എം. സാനി എന്നിവര്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.