"നാബോത്തിന്റെ മുന്തിരിത്തോട്ടം' നാളെ അരങ്ങിലെത്തുന്നു
1492731
Sunday, January 5, 2025 7:39 AM IST
നെല്ലിക്കുന്ന്: യുദ്ധത്തിനു പരിഹാരം ഉണ്ടാകുവാൻ മനുഷ്യനിൽ മനസ്താപം വേണമെന്ന സന്ദേശവുമായി ബൈബിൾ സംഗീതനൃത്തനാടകം നാളെ അരങ്ങിലെത്തുന്നു. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ 33 കലാകാരൻമാരാണ് വേദിയിലെത്തുക.
നാബോത്തിന്റെ മുന്തിരിത്തോട്ടം എന്നാണ് നാടകത്തിനു പേര്. മാനസാന്തരപ്പെടാതെ യുദ്ധം അവസാനിക്കുകയില്ല എന്നതാണ് നാടകത്തിന്റെ മുഖ്യപ്രമേയം. എ.ഡി. ഷാജു രചനയും സനിൽ മേനാച്ചേരി സംവിധാനവും നിർവഹിച്ച നാടകത്തിന്റെ അണിയറയിൽ തോമസ് പൈനാടത്ത്, ആൽഫ്രഡ് ബാബു. ജിക്സി ഫ്രാൻസീസ്, ജിസ്മി ജോയ്, സി.പി. അൻസ എന്നിവരാണ് പ്രവർത്തിക്കുന്നത്. വികാരി ഫാ. ജെയിംസ് വടക്കൂട്ട്, സഹവികാരി ഫാ. മിഥുൻ വടക്കേത്തല , ജനറൽ കണ്‍വീനർ ഒ.ഡി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കലാകാരൻമാർ വേദിയിൽ എത്തുന്നത്.
മൂന്നു നൃത്തങ്ങൾ ഉൾപ്പെടെയുള്ള നാടകത്തിന് ഒരു മണിക്കൂറാണ് ദൈർഘ്യം. ഫാ. ഫിജോ ആലപ്പാടന്റെ നേതൃത്വത്തിലാണ് പരിശീലനം. ആധുനിക ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ സാങ്കേതികസഹായത്തോടെ ശബ്ദവും വെളിച്ചവും ഒരുക്കുന്ന നാടകം നാളെ രാത്രി ഒൻപതിനാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്ത് അരങ്ങേറുക.