പെരിങ്ങാട് പുഴയെ കാടാക്കാനുള്ള ശ്രമം എംഎൽഎ ഉപേക്ഷിക്കണം: കോണ്ഗ്രസ്
1492734
Sunday, January 5, 2025 7:39 AM IST
പാവറട്ടി: പെരിങ്ങാട് പുഴയെ കാടാക്കിമാറ്റി, റിസർവ് ഫോറസ്റ്റ് നിയമങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ കരടുവിജ്ഞാപനത്തിന് എല്ലാ ഒത്താശയുംചെയ്ത മണലൂർ എംഎൽഎ മുരളി പെരുനെല്ലി നിലപാട് തിരുത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് വള്ളൂർ.
കോൺഗ്രസ് പാവറട്ടി മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷതവഹിച്ചു. ഇടതുപക്ഷം ഭരിക്കുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലുവർഷമായി ജനദ്രോഹനയങ്ങളാണ് നടപ്പിലാക്കുന്നതെന്നും ആരോപിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്.
പഞ്ചായത്തിലെ 126 റോഡുകളിൽ ഒന്നുപോലും തകരാത്തതില്ല. കുടിവെള്ള പദ്ധതികൾ, പൊതുശ്മശാനം, കളിസ്ഥലം, ബഡ്സ് സ്കൂൾ തുടങ്ങിയ പദ്ധതികൾ ഒന്നും നടപ്പിലാക്കിയിട്ടില്ല. പാവറട്ടി സെന്റർ വികസനം ജനങ്ങൾക്ക് ദുരിതമായി മാറിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ഗുരുവായൂർ അർബൻ ബാങ്ക് ഡയറക്ടർ എ.ടി. സ്റ്റീഫൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിമല സേതുമാധവൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയൻ, ഭാരവാഹികളായ ജോയ് ആൻറണി, റൂബി ഫ്രാൻസിസ്, ബെർട്ടിൻ ചെറുവത്തൂർ, പ്രസാദ് വാക, പി.ബി. ഗിരീഷ്, എം.ബി. സെയ്ദ് മുഹമ്മദ്, എൻ.ആർ. രജീഷ്, ഉണ്ണി പാവറട്ടി തുടങ്ങിയവർ പ്രസംഗിച്ചു.