വീട് കുത്തിത്തുറന്നു മോഷണം; പ്രതി അറസ്റ്റില്‍
1492744
Sunday, January 5, 2025 7:39 AM IST
ഇരിങ്ങാലക്കുട: ക്രിസ്മസ് രാത്രി മാപ്രാണത്ത് വീടുകുത്തിത്തുറന്ന് നാലുപവന് സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മാപ്രാണം സ്വദേശി കേലംപറമ്പില് ശക്തിയെ (20) അറസ്റ്റ് ചെയ്തു. റൂറല്‍ എസ് പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം അറസ്റ്റു ചെയ്തത്.
രാത്രി പത്തരയോടെ പാതിരാകുര്ബാനയ്ക്കുപോയ മഞ്ഞളി ലിജിയുടെ വീട്ടിലായിരുന്നു മോഷണം. പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന നാലുപവന് തൂക്കമുള്ള സ്വര്‍ണമാലയും കുരിശുമാണ് അപഹരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ ലിജിയും കുടുംബാംഗങ്ങളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച നിലയില്‍ കാണുന്നത്.
വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷണശേഷവും ഭാവഭേദമില്ലാതെ സുഹൃത്തുക്കളുമായി സംസാരിച്ചും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തും നടന്ന പ്രതി പിറ്റേന്ന് സാധാരണപോലെ ജോലിക്കുപോയി. ബന്ധുവീടുകളും നന്ദര്‍ശിച്ചു.
മോഷ്ടിച്ച സ്വര്‍ണം ചേര്‍പ്പില്‍ കൊണ്ടുപോയി വിറ്റശേഷം ആ കടയില്‍നിന്നുതന്നെ പുതിയ ഒരു സ്വര്‍ണമാല വാങ്ങുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഒരു സ്കൂട്ടറും വാങ്ങി. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ ദിനേഷ്കുമാര്‍, സി.എം. ക്ലീറ്റസ്, കെ. സുധാകരന്, എഎസ്ഐ ലാല്‍ജി, സീനിയര്‍ സിപിഒമാരായ ഇ.എസ്. ജീവന്, എം.ആര്. രഞ്ജിത്ത്, രാഹുല്‍ അമ്പാട്ട്, കെ.എസ്. ഉമേഷ്, എം.എ. ഹബീബ്, വിപിന്‍ വെള്ളാപറമ്പില്‍, ജോവിന് ജോയ്, ഫ്രെഡി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.