ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ അനുമതി നല്‍കണം: സിപിഐ
1492752
Sunday, January 5, 2025 7:39 AM IST
തൃശൂര്‍: വന്യജീവി ആക്രമണത്തില്‍നിന്ന് കാര്‍ഷികവിളകളെയും മനുഷ്യജീവനുകളെയും സംരക്ഷിക്കാൻ ആക്രമണകാരികളായ വന്യജീവികളെ വെടിവച്ചുകൊല്ലാൻ അനുമതി ലഭ്യമാകുന്ന തരത്തില്‍ വനം-വന്യജീവി നിയമത്തില്‍ കാലോചിതമായ ഭേദഗതി വരുത്തണമെന്നു സിപിഐ ജില്ലാ കൗണ്‍സിലിൽ പ്രമേയം.
മലയോരമേഖലയില്‍ ഉള്‍പ്പെടെ കാട്ടാന, കാട്ടുപന്നി, മയില്‍, മലയണ്ണാന്, കുരങ്ങ് തുടങ്ങിയവയുടെ ശല്യം വലിയതോതില്‍ വര്‍ധിച്ചു. ഇവ കൂട്ടത്തോടെ ജനവാസമേഖലകളില്‍ ഇറങ്ങുകയും മനുഷ്യജീവനും വാസസ്ഥലങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും നാശംവിതയ്ക്കുകയും ചെയ്യുന്നതു പതിവായി. മലയോരമേഖലയില്‍ മാത്രമല്ല, ജനവാസമേഖലകളില്‍പ്പോലും വന്യജീവിശല്യം അസഹനീയമാണ്. 926 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മനുഷ്യര്‍ സ്വന്തം ഭവനങ്ങളിലും കൃഷിയിടങ്ങളിലും ഭയത്തോടെയും ആശങ്കയോടെയുമാണ് ജീവിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രന് എംഎല്‍എ, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.