കൊടുങ്ങയിലെ "ബെത്ലഹേം 2 കെ 24' നാളെ സമാപിക്കും
1492318
Saturday, January 4, 2025 12:58 AM IST
വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയാങ്കണത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയ മെഗാപുല്ക്കൂട് "ബെത്ലഹേം 2കെ24' കാണാനുള്ള അവസരം ഇനി രണ്ടു ദിവസങ്ങള്‍കൂടി. പതിനഞ്ചു ലക്ഷത്തോളം ചെലവഴിച്ച് സജ്ജമാക്കിയ "ബെത്ലഹേം 2കെ24' വിസ്മയം കാണാന്‍ ഇതിനകം ലക്ഷക്കണക്കിനാളുകളാണ് എത്തിയത്.
ദേവാലയത്തിനു ചുറ്റുമുള്ള ഒരേക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണകാലത്ത് ചാലക്കുടിയില്‍നിന്ന് പറമ്പിക്കുളം വനത്തിലേക്ക് ഉണ്ടായിരുന്ന കൊച്ചിന് ഫോറസ്റ്റ് ട്രാംവേയില്‍ ഒാടിയിരുന്ന തീവണ്ടി, വിമാനം, കപ്പല്‍, ഇന്ത്യ ഗേറ്റ്, വെള്ളച്ചാട്ടം, യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ ചന്ത തുടങ്ങിയവയെല്ലാം ഇവിടത്തെ മെഗാ പുല്‍ക്കൂട്ടില്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്.
ബാഹുബലി പോലുള്ള സിനിമകള്‍ക്കായി സെറ്റ് നിര്‍മിച്ചിട്ടുള്ള കലാകാരന്മാരുടെ സഹായത്തോടെയാണ് ഒരുമാസത്തിലേറെ നീണ്ട പ്രയത്നത്തില്‍ ബെത്ലഹേം 2കെ24 ഒരുക്കിയത്. ഇടവകയിലെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും അധ്വാനവും ഈ മെഗ പുല്‍ക്കൂടിന്റെ നിര്‍മാണത്തിനു പിന്നിലുണ്ട്.
ക്രിസ്മസ് രാത്രിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത മെഗാപുല്ക്കൂട് കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിനുപേര്‍ എത്തി.
ക്രിസ്മസ് അവധിക്കാലത്ത് വന്‍തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. ദിവസവും വൈകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെയാണ് പ്രവേശനം . നാളെ രാത്രി പത്തുവരെ ബെത്ലഹേം 2കെ 24 മെഗാപുല്ക്കൂട് ജനങ്ങള്‍ക്കു കാണാനാകും.