മഴക്കെടുതി; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നു മന്ത്രി
1492309
Saturday, January 4, 2025 12:30 AM IST
തൃശൂർ: ജൂലൈ 29, 30, 31 തീയതികളിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിലേറെക്കാലം ദുരിതാശ്വാസ ക്യാന്പുകളിൽ താമസിക്കേണ്ടിവന്ന കുടുംബങ്ങൾക്ക് 5000 രൂപവീതം നൽകുമെന്നു മന്ത്രി കെ. രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ 5486, തലപ്പിള്ളി 946, കുന്നംകുളം 74, ചാവക്കാട് 940, മുകുന്ദപുരം 3177, കൊടുങ്ങല്ലൂർ 145, ചാലക്കുടി 622 എന്നിങ്ങനെ ഏഴു താലൂക്കുകളിലായി 12,057 കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. 75 ശതമാനത്തിലധികം നാശനഷ്ടം സംഭവിച്ച 167 വീടുകൾ ഉൾപ്പെടെ 1692 വീടുകൾക്കു 10,000 മുതൽ നാലു ലക്ഷം രൂപവരെ അഞ്ചു വിഭാഗങ്ങളിലായി ധനസഹായം വിതരണംചെയ്യും. ഇതുസംബന്ധിച്ച തുകയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതിമൂലം ജില്ലയിൽ 37,69,000 രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നു കണക്കാക്കിയിരുന്നു. ഇതിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നുള്ള വിഹിതം ഉടൻ അനുവദിക്കും. മത്സ്യകൃഷിയിൽ നാശം സംഭവിച്ച കർഷകർക്കും കന്നുകാലികൾ നഷ്ടപ്പെട്ട ക്ഷീരകർഷകർക്കുമുള്ള നഷ്ടപരിഹാരവും അവരുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.