എടതിരിഞ്ഞി വില്ലേജ് ന്യായവില: പുനര്‍നിര്‍ണയ അദാലത്തില്‍ ലഭിച്ചത് 121 അപേക്ഷകള്‍
1492739
Sunday, January 5, 2025 7:39 AM IST
ഇരിങ്ങാലക്കുട: എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനര്‍നിര്‍ണയ അദാലത്തില്‍ ലഭിച്ചത് 121 അപേക്ഷകള്‍. വില്ലേജിലെ അന്യായ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തഹസില്‍ദാര്‍ സിമേഷ് സാഹൂ, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.വി. സജിത, പി. രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ വില്ലേജ് അദാലത്ത് സംഘടിപ്പിച്ചത്.
വില്ലേജ് ഓഫീസില്‍ നേരിട്ട് ലഭിച്ചതടക്കം 191 അപ്പീല്‍ അപേ ക്ഷകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നിശ്ചിത ഫോറത്തില്‍ 50 രൂപയുടെ കോര്‍ട്ട് ഫീ, 100 രൂപയുടെ ലീഗല്‍ ബെനിഫിറ്റ് സ്റ്റാമ്പ് എന്നിവ ഒട്ടിച്ച് നികുതി രശീത്, ആധാരം എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
അപേക്ഷകള്‍ വില്ലേജ് അധികൃതര്‍ ഫീല്‍ഡ് പരിശോധനയ്ക്കുശേഷം തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ആര്‍ഡിഒവിനും തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും കൈമാറും. നാലായിരത്തോളം വരുന്ന വില്ലേജ് ഭൂമി ഉടമകളുടെ പേരിലുള്ള മുഴുവന്‍ ഭൂമിയുടെ ന്യായവില പൂര്‍ണമായും സമീപത്തെ വില്ലേജ് നിരക്കുകളില്‍ പുനര്‍നിര്‍ണയം ചെയ്യണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.