കമ്പനിയിൽ പൊട്ടിത്തെറി
1492730
Sunday, January 5, 2025 7:39 AM IST
തിരുവില്വാമല: പാമ്പാടി സെന്ററിൽ പ്രവർത്തിക്കുന്ന സേമിയ നിർമാണകമ്പനിയായ ദേവിക ഫുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കമ്പനിയിലെ സ്റ്റീമർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ ഒരുഭാഗം പൂർണമായും തകർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളിലേക്കും ഓട്ടോ സ്റ്റാൻഡിലേക്കും ഓടിന്റെ കഷ്ണങ്ങളും ചീളുകളും പതിച്ചു.
ഈസമയം പന്ത്രണ്ടോളം സ്ത്രീത്തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് ആശ്വാസകരമായി. സ്ഫോടനത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിലായി. ഭാരമേറിയ ഇരുമ്പുമൂടിയും അവശിഷ്ടങ്ങളും തെറിച്ചുവീണ സ്ഥലത്ത് ആളുകൾ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.