ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1492310
Saturday, January 4, 2025 12:58 AM IST
പാവറട്ടി തീർഥകേന്ദ്രം
സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ ദർശന തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകിട്ട് 6.30ന് വേസ്പര, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പ്, ദർശനമാസ കുർബാന, വർണമഴ എന്നിവയുണ്ടാകും. നാളെ രാവിലെ 10ന് തിരുനാൾ കുർബാനയ്ക്ക് നവ വൈദികൻ ബ്രിൽവിൻ ഒലക്കേങ്കിൽ മുഖ്യ കാർമികനാകും. ഫാ. ക്ലിൻസൻ കാട്ടിപ്പറമ്പൻ തിരുന്നാൾ സന്ദേശംനൽകും.
ഫാ. അജിൽ മാങ്ങൻ സഹകാർമികനാകും. തിരുനാൾ ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരമായ
തിരുനാൾ പ്രദക്ഷിണവും ഉണ്ടാകും. തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി, ഫാ. മിഥുൻ ചുങ്കത്ത്, ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ പയസ് ഒ. പുലിക്കോട്ടിൽ, കെ.ജെ. വിൻസന്റ്, ഒ.ജെ. ഷാജൻ, എൻ.കെ. വിൻസന്റ്, പ്രസുദേന്തി സി.ജെ. സണ്ണി എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വംനൽകും.
ചിറ്റാട്ടുകര തിരുനാൾ
വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിലെ കമ്പിടി തിരുനാൾ നാളെ മുതല്‍ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പാവറട്ടിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് ഊന്നൽനൽകിയാണ് ഈ വർഷവും തിരുനാൾ ആഘോഷിക്കുന്നത്. ജാതിമതഭേദമെന്യേ അർഹതയുള്ള എല്ലാവർക്കും എല്ലാ മാസവും 1000 രൂപവിതം സഹായംനൽകുന്ന പെൻഷൻ പദ്ധതിയും പാവപ്പെട്ട കുടുംബങ്ങളിലെ പെൺമക്കളുടെ വിവാഹത്തിന് അഞ്ചുലക്ഷം രൂപ നൽകുന്ന വിവാഹസഹായ പദ്ധതിയുമടക്കം 15 ലക്ഷം രൂപയാണ് കാരുണ്യപ്രവൃത്തികൾക്കായി മാറ്റിവച്ചിട്ടുള്ളത്.
നാളെ വൈകീട്ട് 7.30ന് മുരളി പെരുനെല്ലി എംഎൽഎ ദീപാലങ്കാരം സ്വിച്ച്ഓൺ നടത്തും. തുടർന്ന് പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി തേങ്ങാവിളക്ക് തെളിയിക്കും. പാവറട്ടി സെന്റ് തോമസ് ആശ്രമം പ്രിയോർ ഫാ. ജോസഫ് ആലപ്പാട്ട് പിണ്ടിതെളിയിക്കൽ ചടങ്ങ് നടത്തും. ആറ്, ഏഴ് തിയതികളിലാണ് പ്രധാന തിരുകർമങ്ങളും ആഘോഷവും നടക്കുക. ഭാരവാഹികളായ ഫാ. വിൽസൺ പിടിയത്ത്, പി.ഡി. ജോസ്, പി.വി. പീയൂസ്, റിജോ പി.ജോർജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പോന്നോർ ലിറ്റിൽഫ്ലവർ ദേവാലയം
ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.
ഇന്നുരാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, അമ്പ് എഴുന്നെള്ളിപ്പ്, യൂണിറ്റുകളിലേക്ക് അബ്, വള കൊടുത്തു വിടലും രാത്രി അമ്പ് സമാപനവും നടക്കും. തിരുനാൾ ദിനമായ നാളെ രാവിലെ 6.30നും 10നും ഉച്ചതിരിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഡോ. ജോർജ് കോമ്പാറ മുഖ്യകാർമികനാകും. വൈകിട്ട് മൂന്നിന് നടക്കുന്ന കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫാൻസി വെടിക്കെട്ട്, തൃശൂർ കലാസദന്റെ ഗാനമേളയും അരങ്ങേറും. വികാരി ഫാ. സിജോ ജോസ് അരിക്കാട്ട്, ജനറൽ കൺവീനർ സെബി സി. തോമസ്, കൈക്കാരന്മാരായ ബേബി, ഡേവിസ്, ആന്റണി, ദേവസി, പബ്ലിസിറ്റി കൺവീനർ സിപോഷ് കെ.പോൾതുടങ്ങിയവർ നേതൃത്വം നൽകും.
കുന്നംകുളം പള്ളി
സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ഇടവകപ്പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും 278-ാം ഇടവകതിരുനാളിനു കൊടിയേറി. തിരുക്കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നൽകി.
11, 12, 13 തിയതികളിലാണ് തിരുനാൾ.ഇന്നുമുതൽ ഒൻപതുവരെ വൈകീട്ട് ആറിനു തിരുക്കർമങ്ങളുണ്ടാകും. പത്തിന് വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കർമം മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കൻ നിർവഹിക്കും. തിരുനാൾ ആഘോഷങ്ങൾക്ക് വികാരി. ഫാ. ഡെയ്സണ്‍ മുണ്ടോപ്പുറം, കൈക്കാരന്മാരായ കെ.ജി. ബാബു, പേൾജു ബി. ചുങ്കത്ത്, സി.എൻ. ഇമ്മാനുവേൽ, സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ആൻജോസ് സിഎംസി, ജനറൽ കണ്‍വീനർ സാന്റി അഗസ്റ്റിൻ, ജോയിന്റ് കണ്‍വീനർ അൽഫോൻസ വിൽസൻ, കണ്‍വീനർമാരായ വി.ജെ. സുനിൽ, രാജു ബി. ചുങ്കത്ത്, പി.എ. ലില്ലി, സി.ഡി. ബിന്നി, ജോപോൾ വി. ആലപ്പാട്ട്, എം.എൽ. മാണി, ജാൻസി ആന്റോ, പോയ്സ് ജേബി, ലിയോണ്‍ ജോർജ്, സി.എം. സാംസണ് എന്നിവർ നേതൃത്വം നൽകും.
എളവള്ളി പള്ളി
സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും ശതാബ്ദി തിരുനാളിന് കൊടികയറി. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടികയറ്റ് നിർവഹിച്ചു. വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ സഹകാർമികനായി. ട്രസ്റ്റിമാരായ ഇഗ്നേഷ്യസ് തട്ടിൽ, വിൻസന്റ് പുലിക്കോട്ടിൽ, ജോൺസൺ ചാലക്കൽ, സിസ്റ്റർ ലീന പോൾ, വർഗീസ് കൈതാരത്ത്, തോമാസ് അന്തിക്കാട്ട് എന്നിവർ നേതൃത്വംനൽകി. 11, 12, 13 തീയതികളിലാണ് തിരുനാൾ.
നവനാൾ ആചരണത്തിന്റെ ഭാഗമായി വൈകീട്ട് ആറുമണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും. 11ന് ഉച്ചക്ക് രണ്ടിന് വീടുകളിൽ അമ്പ്, വള എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകിട്ട് ഏഴിന് ദേവാലയത്തിൽ വേസ്പര, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവ നടക്കും. രാത്രി 10.30ന് അമ്പ്, വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ ദേവാലയ അങ്കണത്തിൽ സമാപിക്കും. തുടർന്ന് മെഗാ ഫ്യൂഷൻ അരങ്ങേറും. തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 6.15ന് ദിവ്യബലി, 9.30ന് ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വംവഹിക്കും. തുടർന്ന് വാദ്യമേളങ്ങളോടെ തിരുനാൾ പ്രദക്ഷിണം നടക്കും.
വേലൂപ്പാടം തീര്‍ഥാടനകേന്ദ്രം
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടനകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. തൃശൂര്‍ അതിരൂപത ചാന്‍സലര്‍ ഫാ. ഡൊമനിക് തലക്കോടന്‍ കൊടിയേറ്റം നിര്‍വഹിച്ചു. വികാരി ഫാ. ഡേവിസ് ചെറയത്ത്, അസിസ്റ്റന്റ് വികാരി ഫാ. പ്രിജോവ് വടക്കേത്തല, കൈക്കാരന്മാരായ മനോജ് കോഴിക്കുന്നേല്‍, പോള്‍ മഞ്ഞളി, രാജു മൊയലന്, റോബിന് കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ കൊടിയേറ്റത്തിന് നേതൃത്വം നല്കി. 11, 12, 13 തിയതികളിലായാണ് തിരുനാള്‍.
വെങ്ങിണിശേരി പള്ളി
സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു ഫാ. ജോസ് വട്ടക്കുഴി കൊടിയേറ്റി.
വികാരി ഫാ. ജോസഫ് അറങ്ങാശേരി, കൈക്കാരന്മാരായ ബാബു കുണ്ടുകുളം, ഡേവിസ് അക്കര, ഡോ. വിൻസ് അക്കര, തിരുനാൾ കണ്‍വീനർ അരുണ്‍ അടന്പുകുളം എന്നിവർ നേതൃത്വം നൽകി. 10 മുതൽ 13 വരെയാണ് തിരുനാൾ ആഘോഷം.
ആഘോഷപരിപാടികളുടെ ഭാഗമായി നാളെ രാവിലെ നടക്കുന്ന പ്രസുദേന്തിവാഴ്ചയ്ക്ക് ഒല്ലൂർ വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികനാകും. 10 ന് ആഘോഷമായ നവനാൾ കുർബാനയ്ക്കുശേഷം ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കർമം നടക്കും. 11 ന് അന്പ് എഴുന്നള്ളിപ്പ്, 12 ന് ലൂർദ് കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന. വൈകീട്ട് ആഘോഷമായ പ്രദിക്ഷണവും ഉണ്ടായിരിക്കും.
പൊങ്ങണംകാട് പള്ളി
ഇടവകമധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന്റെ ഭാഗമായി നടന്ന കൊടിയേറ്റം റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ നിർവഹിച്ചു. വികാരി ഫാ. ജോബി ചുള്ളിക്കാടൻ, കൈക്കാരന്മാരായ ജോഷി ചെറുമഠം, ജോഷി മാരിപ്പുറം, പ്രകാശൻ കുണ്ടുകുളങ്ങര, ജോഷി വടക്കൂട്ട്, ജനറൽ കണ്‍വീനർ റിനോയ് ജോണി അരിന്പൂർ വാഴപറന്പൻ എന്നിവർ നേതൃത്വം നൽകി. 10,11, 12,13 തീയതികളിലാണ് തിരുനാൾ.