വ്യത്യസ്തമായ പുതുവത്സരാഘോഷമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്കും കേരള കലാമണ്ഡലവും
1492078
Friday, January 3, 2025 1:46 AM IST
ചെറുതുരുത്തി: ഭാവ, താള, ലയസാന്ദ്രമായൊരു സായംസന്ധ്യക്കു നിള കാന്പസിലെ വള്ളത്തോൾ സ്മൃതിമണ്ഡപത്തിൽ തിരിതെളിഞ്ഞതോടെ അരങ്ങിലെത്തിയതു കഥകളിയും മോഹിനിയാട്ടവും ചൊല്ലിയാട്ടവും ഒപ്പം മ്യൂസിക്കൽ ഫ്യൂഷനും. കഥകളിലൂടെ കലാമണ്ഡലം; ഡീമിസ്റ്റിഫയിംഗ് ട്രെഡീഷൻസ് എന്ന പേരിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷം കാഴ്ചക്കാർക്കു നവ്യാനുഭവമായി.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ നടന്ന ചടങ്ങ് കലാമണ്ഡലത്തിന്റെ തുടർപ്രവർത്തനങ്ങൾക്കു കലാതത്പരരായ പൊതുജനങ്ങളുടെ പിന്തുണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
സംഗീതജ്ഞരായ ദീപ പാലനാടിന്റെയും സുദീപ് പാലനാടിന്റെയും കഥകളി മോജോ, കരകൗശലവസ്തുക്കൾ, ഫാഷൻ ഉത്പന്നങ്ങൾ എന്നിവയുടെ തത്സമയനിർമാണം പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.
വിവിധ കലാരൂപങ്ങളിൽ പ്രാവീണ്യം നേടിയ കലാമണ്ഡലത്തിലെ പ്രഗത്ഭരും ക്ഷണിക്കപ്പെട്ട മറ്റു പ്രശസ്ത കലാകാരന്മാരും ചടങ്ങിന്റെ ഭാഗമായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികൾ, കലാമണ്ഡലം ക്യൂറേറ്റർ ലക്ഷ്മി മേനോൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ കേശവൻ നാരായണൻ, കലാമണ്ഡലം ഭരണസമിതി അംഗം കെ. രവീന്ദ്രനാഥ്, മുൻ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, അരുണ്‍ നാരായണൻ എന്നിവർ പങ്കെടുത്തു.