ഇരിങ്ങാലക്കുടയിലെ വീട്ടില്‍ തീപിടിത്തം; ഫര്‍ണീച്ചറുകൾ കത്തിനശിച്ചു
1492317
Saturday, January 4, 2025 12:58 AM IST
ഇരിങ്ങാലക്കുട: തെക്കനടയിലെ വീട്ടില്‍ തീപിടിത്തം. പ്രഭ സൗണ്ട് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ഉടമ അമ്പാടി ജയന്റെ വീട്ടില്‍ ഇന്നലെ രാവിലെ ഏഴോടെയാണു തീപിടിത്തം ഉണ്ടായത്. ഇതേസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
പൂജാമുറിയില്‍ വിളക്കു കൊളുത്തിവച്ചശേഷം ക്ഷേത്രത്തില്‍ താന്‍ തൊഴാന്‍ പോയിരിക്കുകയായിരുന്നുവെന്നും വീട്ടില്‍നിന്നും പുക ഉയരുന്നതായി കണ്ടവര്‍ വിളിച്ചപ്പോള്‍ തിരിച്ചെത്തുകയായിരുന്നുവെന്നും ജയന് പറഞ്ഞു. മറ്റു കുടുംബാംഗങ്ങള്‍ കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ പോയിരിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണു തീയണച്ചത്.
താഴത്തെ ഹാളിലുള്ള ഫര്‍ണിച്ചര്‍, ഷെല്‍ഫുകള്‍, ടിവി, ഇന്‍വെര്‍ട്ടര്‍ അടക്കമുള്ളവ യെല്ലാം കത്തിനശിച്ചിട്ടുണ്ട്. വീടിന്റെ സീലിംഗിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വിളക്കില്‍നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് ഫയര്‍ സ്റ്റേഷന് അധികൃതര്‍ പറഞ്ഞു. ഇരുപതുമിനിറ്റ് നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത്. സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.