സ്വകാര്യ ഏജൻസികളുടെ ദല്ലാളുമാരായി മെഡി. കോളജ് സെക്യൂരിറ്റി ജീവനക്കാർ
1492307
Saturday, January 4, 2025 12:30 AM IST
തൃശൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്കുവേണ്ടി തൃശൂർ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ പ്രവർത്തിക്കുന്നതായി പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ഷിഹാബ് പറേലി, വർക്കിംഗ് ചെയർമാൻ ബാവ ഹുസൈൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സ്വാഭാവികമരണം സംഭവിച്ച പശ്ചിമബംഗാൾ സ്വദേശി ജമദ് അലി മണ്ഡൽ എന്ന തൊഴിലാളിയുടെ മൃതദേഹം വിട്ടുനല്കാൻ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ അനാസ്ഥമൂലം വൈകിയതിനാൽ നാട്ടിലെത്തിക്കാൻ ഒരു ദിവസം വൈകി. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകി.
ദേഹാസ്വാസ്ഥ്യത്തെതുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു പുലർച്ചെ മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ വിട്ടുകിട്ടിയതു രാത്രി ഒന്പതോടെയാണ്.
അനാവശ്യമായി എൻഒസി പ്രശ്നം പറഞ്ഞാണ് ഇത്രയും വൈകിപ്പിച്ചത്. ഇതിനിടെയുള്ള ചർച്ചകളിൽ സെക്യൂരിറ്റി ജീവനക്കാരൻ പലപ്രാവശ്യം സ്വകാര്യ ഏജൻസി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുമെന്നും അവർതന്നെ നാട്ടിലെത്തിക്കുമെന്നും ഉടമയോടു പറയുന്നുണ്ടായിരുന്നു. ഒടുവിൽ ഒരുപാടു ചർച്ചകൾക്കും നടപടികൾക്കും വിധേയമായാണു മൃതദേഹം വിട്ടുകിട്ടിയത്. സ്വകാര്യ ഏജൻസിയെക്കൊണ്ടു മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയാഞ്ഞതിലുള്ള വൈരാഗ്യത്തിലാണു മൃതദേഹം വിട്ടുനൽകാൻ സെക്യൂരിറ്റി ജീവനക്കാരൻ വൈകിപ്പിച്ചതെന്നും ഇവർ പറയുന്നു.
സ്വകാര്യ ഏജൻസികൾ
പിഴിയുന്നതു കാൽലക്ഷം
തൃശൂർ: സംസ്ഥാനത്തു മരിക്കുന്ന പാവപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ പിഴിയുന്നതു കാൽലക്ഷത്തോളം രൂപ.
മൃതദേഹം വിമാനത്തിൽ കൊണ്ടുപോകാൻ 24,000 രൂപ മുതൽ 27,000 വരെ ചെലവാകുന്നിടത്തു സ്വകാര്യ ഏജൻസികൾ വാങ്ങുന്നത് 35,000 രൂപ മുതൽ 60,000 രൂപവരെയാണ്. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള പണം മുടക്കുന്നതു തൊഴിലുടമയോ മരിച്ച തൊഴിലാളിയുടെ ബന്ധുക്കളോ ആണ്. തൊഴിലാളികൾ പരസ്പരം പിരിവെടുത്ത് മൃതദേഹം കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. നാട്ടിലേക്കു കൊണ്ടുപോകാൻ കഴിയാത്ത മൃതദേഹങ്ങൾ കേരളത്തിൽതന്നെ സംസ്കരിക്കുകയാണ്.
മൃതദേഹങ്ങൾ ആംബുലൻസിൽ കൊണ്ടുപോകുകയാണെങ്കിൽ രണ്ടുമുതൽ നാലുവരെ ദിവസം എടുക്കുകയും ഒരുലക്ഷം രൂപയ്ക്കു മുകളിൽ ചെലവുവരികയും ചെയ്യും. തുക ഉറപ്പിച്ചശേഷം കൊണ്ടുപോകുന്ന വഴിയിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ആംബുലൻസ് ഡ്രൈവർമാർ പണംവാങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതൊഴിവാക്കാനാണ് മൃതദേഹം വിമാനത്തിൽ കൊണ്ടുപോകുന്നത്. അതു മുതലെടുത്താണ് ഏജൻസികളുടെ പ്രവർത്തനം. പല സർക്കാർ ആശുപത്രികളിലും മൃതദേഹം കൊണ്ടുപോകുന്ന ഏജൻസികളുടെ ദല്ലാളുമാരായി ചില ജീവനക്കാർ പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്.