പെരിഞ്ഞനം പ്രളയപ്പുരയിൽ പുതിയ താമസക്കാരെത്തി
1492742
Sunday, January 5, 2025 7:39 AM IST
പെരിഞ്ഞനം: ഗ്രാമപഞ്ചായത്ത് പ്രളയപ്പുരയിൽ പുതിയ താമസക്കാരെത്തി. പഞ്ചായത്തിലെ അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട നാലു കുടുംബങ്ങൾക്കാണു വീട് കൈമാറിയത്. പ്രളയപ്പുരയിലെ 14 വീടുകളിൽ പത്തുവീടുകൾ നേരത്തെ കൈമാറിയിരുന്നു.
ബാക്കിയുണ്ടായിരുന്ന നാലു വീടുകളാണ് ഇന്നലെ നൽകിയത്. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ റോട്ടറി ക്ലബ് ഒരു കോടി രൂപ ചെലവഴിച്ച് റവന്യൂ വകുപ്പിന്റെ മിച്ചഭൂമി സ്ഥലത്താണ് പ്രളയപ്പുര നിർമിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ താക്കോൽ ദാനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൽ നാസർ, വിവിധ സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.ആർ. ഷീല, സായിദ മുത്തുക്കോയ തങ്ങൾ, സെക്രട്ടറി കെ. ശ്രീകുമാർ, പെരിഞ്ഞനം റോട്ടറി ക്ലബ് പ്രസിഡന്റ് ഇ.കെ. രമേഷ്, സെക്രട്ടറി അരുൺ ഗോപി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.