മാറ്റങ്ങൾക്കായി സ്വയം മാറ്റപ്പെട്ടവന്റെ ജനനം
1381057
Monday, December 25, 2023 1:01 AM IST
മാറ്റങ്ങൾക്കുവേണ്ടി സ്വയം മാറ്റപ്പെട്ടവനാണ് ക്രിസ്തു: സർവജനത്തിന്റെ രക്ഷയും സന്തോഷവും ലോകത്തിന്റെ സമാധാനവുമാണ് ആഗമന ഉദ്ദേശ്യം. ജാതി മത വർഗ വർണ വ്യത്യാസങ്ങളില്ലാതെ എല്ലാവരുടെയും രക്ഷയും സന്തോഷവും സമാധാനവും. അവ ആഗ്രഹിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ആഘോഷിക്കാം. സമൂഹത്തിന്റെ സമൂലമാറ്റത്തിനായി ജനിച്ച സമാധാനപ്രഭുവാണ് ക്രിസ്തു. മാറ്റങ്ങൾക്കായി സ്വയം ഉപേക്ഷിച്ചവൻ. സ്വയം മാറ്റപ്പെട്ടവൻ. മാറ്റത്തിനായി മരണത്തോളം, ക്രൂശിലെ മരണത്തോളം അനുസരണയോടെ പ്രവർത്തിച്ചവൻ.
ആ ജനനം ഓർമപ്പെടുത്തുന്നതു സ്വയംപരിത്യാഗവും സമാധാനവും സന്തോഷവും ദൈവസ്നേഹവും ദൈവികനീതിയുമാണ്. അവ നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അവരോടൊപ്പം ക്രിസ്തുവും ജനിക്കുന്നു. യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും ക്രൈസ്തവമൂല്യങ്ങൾക്കെതിരാണ്. ഓരോ മനുഷ്യജീവനും വിലയും നിലയും കല്പിക്കുന്നവർക്കേ ക്രിസ്മസ് അർഥവത്തായി ആഘോഷിക്കാൻ സാധിക്കൂ - അക്രമവും അഴിമതിയും അരാജകത്വവും ഭീകരപ്രവർത്തനങ്ങളും യുദ്ധകാഹളങ്ങളും മുഴക്കുന്നവർക്ക് ക്രിസ്തുജനനത്തിൽ പങ്കുകാരാകാനാകില്ല. അവരുടെയും സർവാത്മനാ ഉള്ള മാറ്റമാണ്, മാനസാന്തരമാണ് ക്രിസ്തുവിന്റെ ആഗമന ഉദ്ദേശ്യം.
ഏവർക്കും ക്രിസ്മസ് - പുതുവത്സര ആശംസകൾ നേരുന്നു.
മാർ ഒൗഗിൻ കുര്യാക്കോസ്
(പൗരസ്ത്യ കൽദായ സുറിയാനി സഭ
മെത്രാപ്പോലീത്ത)