ജനസാഗരമായി ഗുരുപവനപുരി
1333821
Thursday, September 7, 2023 12:50 AM IST
ഗുരുവായൂര്‍: കണ്ണന്റെ പിറന്നാൾ സുദിനമായ അഷ്ടമിരോഹിണി ദിനത്തിൽ ഗുരുപവനപുരി ജനസാഗരമായി. ഗോപികാനൃത്തവും ഉറിയടിയും ഉണ്ണിക്കണ്ണൻമാരും ക്ഷേത്രസന്നിധിയിൽ നിറഞ്ഞു. മഞ്ഞപ്പട്ടും അരയിൽ കിങ്ങിണിയും വലതുകെെയിൽ പൊന്നോടക്കുഴലും ഇടതുകെെയിൽ വെണ്ണക്കുടവുമായി നിൽക്കുന്ന കണ്ണനരികിലെത്തിയ മുയലിന് വെണ്ണ ഊട്ടുന്ന ഉണ്ണികണ്ണന്റെ അലങ്കാരത്തിൽ ഭഗവാൻ ഭക്തർക്ക് അനുഗ്രഹംചൊരിഞ്ഞു.
ക്ഷേത്രം ഓതിക്കൻ കക്കാട് ഡോ. കിരൺ ആനന്ദ് നമ്പൂതിരി ഉച്ചപൂജക്ക് അലങ്കാരം നിർവഹിച്ചു. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഉച്ചപൂജ നടത്തി. പിറന്നാള്‍ സുദിനമായ ഇന്നലെ ക്ഷേത്രത്തില്‍ പതിനായിരങ്ങളാണ് ദർശനത്തിനും പിറന്നാൾ സദ്യക്കുമെത്തിയത്.
പുലർച്ചെ മുതൽ തുടങ്ങിയ നീണ്ടനിര രാത്രിയിലും തുടർന്നു. കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേറ്റി. തിരുവല്ല രാധാകൃഷ്ണന്റെ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്ക് പഞ്ചവാദ്യമുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇന്ദ്രസെൻ സ്വര്‍ണക്കോലം എഴുന്നെള്ളിച്ചു.
അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ അപ്പം 45,000 ത്തോളം എണ്ണം തയ്യാറാക്കി അത്താഴപൂജക്ക് ഭഗവാന് നിവേദിച്ചു. 5451 ലിറ്റര്‍ പായസം നിവേദ്യത്തിന് തയാറാക്കി. രാവിലെ ഒന്‍പതു മുതൽ തുടങ്ങിയ പിറന്നാൾ സദ്യ അവസാനിച്ചത് വൈകിട്ട് അഞ്ചോടെയാണ്. 42,000 പേർ പിറന്നാൾസദ്യയിൽ പങ്കെടുത്തു.
77.61 ലക്ഷത്തിന്റെ വഴിപാടുകൾ ഇന്നലെ ക്ഷേത്രത്തിൽ നടന്നു. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടായി. നെന്മിനി ബലരാമ ക്ഷേത്രത്തിൽനിന്നുള്ള എഴുന്നെള്ളിപ്പ് കിഴക്കേ ഗോപുരത്തിൽ നിറപറവച്ച് ദേവസ്വം സ്വീകരിച്ചു. നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഉറിയടി ഘോഷയാത്ര മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ചു. ദേവീദേവന്മാരുടെ തിടമ്പ് എഴുന്നള്ളിച്ച ജീവത എഴുന്നള്ളിപ്പ് മഹാദേവസന്നിധിയില്‍ ഒരുമണിക്കൂറോളം നിറഞ്ഞാടി. തുടര്‍ന്ന് ഗോപികാനൃത്തത്തോടെ ഉറി അടിച്ചുടച്ചാണ് ഘോഷയാത്ര ആരംഭിച്ചത്.
അപ്പം, അവിൽഅപ്പം, അവിൽ തുടങ്ങിയവയാണ് ഉറികളില്‍ നിറച്ചിരുന്നത്. ഘോഷയാത്രയിലുടനീളം ഭക്തര്‍ക്ക് അപ്പം വിതരണംചെയ്തു. ഘോഷയാത്ര ഗുരുവായൂരപ്പ സന്നിധിയിലെത്തി തിരിച്ച് മമ്മിയൂരിൽ സമാപിച്ചു. പെരുന്തട്ട ശിവകൃഷ് ണ ഭക്തസേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രസന്നിധിയിയില്നിന്നാണ് തുടങ്ങിയത്. ഉറിയടി, തലം, മേളം, ഗോപികാനൃത്തം എന്നിവ അണിനിരന്നു. ബാലഗോകുലത്തിന്റെ ഘോഷയാത്ര തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി.