നഗര വികസന ഗതാഗത ക്രമീകരണം : വലിയ വാഹനങ്ങൾ തട്ടി വൈദ്യുതി കന്പികൾ പൊട്ടുന്നു
1543547
Friday, April 18, 2025 4:20 AM IST
മൂവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടെ മാറാടി കായനാട് വഴി പോകുന്ന വലിയ വാഹനങ്ങൾ തട്ടി വൈദ്യുതി കന്പികൾ നിരന്തരം പൊട്ടുന്നത് അപകട ഭീഷണിയാകുന്നു. ഇതേതുടർന്ന് പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിശ്ചേദിക്കപ്പെടുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു.
കണ്ടെയ്നറുകൾ പോലെയുള്ള വാഹനങ്ങൾ ഊരമന ശിവലി ഭാഗത്ത് ലിഫ്റ്റ് ഇറിഗേഷൻ അക്വഡേറ്ററുകളിൽ തട്ടുന്നുണ്ട്. അക്വഡേറ്ററിന് സമീപം എത്തുന്ന വാഹനങ്ങൾ കടന്നുപോകാതെ വരുന്നതോടെ ഈ (പൊക്കമുള്ള) വാഹനങ്ങൾ തിരിക്കാൻ 500 മീറ്ററോളം പിന്നോട്ട് പോകേണ്ട അവസ്ഥയാണ്.
ഇത് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. ഒപ്പം പ്രദേശത്ത് റോഡരികുകൾ ഇടിഞ്ഞിരിക്കുകയാണെന്നും ഇത് വലിയ അപകടത്തിന് കാരണമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. കായനാട് കവല മുതൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അറ്റകുറ്റപ്പണി ചെയ്യാത്തതുമൂലം റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
പൊക്കം കൂടിയ വലിയ വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടണമെന്നും റോഡിലെ ഇടിഞ്ഞ ഭാഗങ്ങൾ അടിയന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യണെമെന്നും ഒ.പി. ബേബി ആവശ്യപ്പെട്ടു.
മുന്നൊരുക്കങ്ങൾ നടത്തി ലിങ്ക് റോഡുകൾ ക്രിയാത്മകമായി ഗതാഗതത്തിന് ഉപയോഗിക്കാത്തതിനാൽ വരും ദിവസങ്ങളിൽ ഗതാഗത പ്രശ്നം കൂടുതൽ രൂക്ഷമാകും. അടിയന്തരമായി ലിങ്ക് റോഡുകൾ ക്രമീകരിച്ച് ഗതാഗതത്തിനായി ഉപയോഗിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.