ചരക്കുവാഹനം ഓട്ടോറിക്ഷകളിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
1543553
Friday, April 18, 2025 4:27 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുവാഹനം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിൽ ഇടിച്ച് ഓട്ടോ ഡ്രൈവർമാരായ രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ആറോടെ എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് മുന്നിലാണ് അപകടം.
ഓട്ടോ ഡ്രൈവർമാരായ പേഴയ്ക്കാപ്പിള്ളി പുന്നേക്കുടിയിൽ ടി.എം. അലിയാർ (64), കല്ലോത്തറ അബൂബക്കർ (73) എന്നിവർക്കാണ് പരിക്കേറ്റത്. പെരുന്പാവൂർ ഭാഗത്തുനിന്നു മൂവാറ്റുപുഴയ്ക്ക് വരികയായിരുന്ന ചരക്കുവാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണാണ് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റത്. ഇവരിൽ അബൂബക്കറിന്റെ പരിക്കുകൾ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന ബേക്കറിയുടെ ബോർഡും തകർന്നു.