കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ അടിയന്തര നടപടി വേണം: എംപി
1543227
Thursday, April 17, 2025 3:35 AM IST
മൂവാറ്റുപുഴ: ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് മേഖലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാത്തതും ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണെന്ന് കാണുന്ന സാഹചര്യത്തിൽ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മറ്റു മേഖലകളിൽ സർവീസ് നടത്തുന്നതു പോലെയുള്ള ബസുകൾ ഇടുക്കിയിൽ സർവീസ് നടത്തുന്നതിന് അനുയോജ്യമല്ല. ഇതിന്റെ ഫലമായാണ് കഴിഞ്ഞദിവസം നേര്യമംഗലത്തിനടുത്ത് അപകടം നടന്നതും 14 വയസുള്ള ഒരു വിദ്യാർഥിനി മരിക്കാനിടയായതും.
പീരുമേടിൽ നടന്ന അപകടത്തിൽ ആളപായമുണ്ടായതും സമാന സാഹചര്യത്തിലാണ്. ഇതു വളരെ ഗൗരവമുള്ള ഒരു വിഷയമായി കണക്കിലെടുത്ത് ഹൈറേഞ്ച് മേഖലയിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പരമാവധി അഞ്ചു വർഷത്തിൽ താഴെ മാത്രം കാലപ്പഴക്കമുള്ളവയും ശരിയായ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയതുമായിരിക്കണം.
കൂടാതെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തീകരിക്കുന്നുണ്ടെന്നും സ്പെയർ പാർട്സുകൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നും എംപി ആവശ്യപ്പെട്ടു.