ലഹരിക്കെതിരെ സ്ക്വാഡുകൾ രൂപീകരിച്ച് തൃക്കാക്കര നഗരസഭ
1543534
Friday, April 18, 2025 4:06 AM IST
കാക്കനാട്: ഐടിമേഖലയും അതിഥിതൊഴിലാളികളുടെ വാസസ്ഥലങ്ങളും ഉൾപ്പെടെയുള്ളമേഖലകൾ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനം തടയാൻ നിരീക്ഷണ സ്ക്വാഡുകൾ രൂപീകരിക്കാൻ തൃക്കാക്കര നഗരസഭാ കൗൺസിലിൽ തീരുമാനം.
പോലീസിനെയും എക്സൈസിനെയും ഇതര അന്വേഷണ ഏജൻസികളെയും ലഹരിക്കെതിരെ യുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാനാകും വിധമുള്ള സ്ക്വാഡുകളാകും രൂപീകരിക്കുക. ഇതുമായി ബന്ധപ്പെട്ടു നഗരസഭ വിദ്യാഭ്യാസ-സാംസ്കാരിക സ്ഥിര സമിതി തയ്യാറാക്കിയ മാർഗ നിർദേശങ്ങൾ നഗരസഭ കൗൺസിൽ അംഗീകരിച്ചു.
കൗൺസിലർമാരുടെ മേൽനോട്ടത്തിലാകും ഓരോ കേന്ദ്രങ്ങളിലേയും നിരീക്ഷണ സ്ക്വാഡുകളുടെ പ്രവർത്തനമെന്നു നഗരസഭാധ്യക്ഷ രാധാമണി പിള്ളയും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചിയും അറിയിച്ചു. ഐടി പാർക്കുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ടർഫുകൾ, ജിംനേഷ്യം, അതിഥി തൊഴിലാളി ക്യാന്പുകൾ, കച്ചവട കേന്ദ്രങ്ങൾ, രാത്രികാലങ്ങളിൽസഞ്ചാരത്തിരക്കുള്ള മേഖലകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തും.
പുതിയ അധ്യയനവർഷാരംഭം മുതൽ നഗരസഭാ പരിധിയിലെ സ്കൂൾ, കോളജ് പരിസരങ്ങളിൽ നിരീക്ഷണം തുടങ്ങും. അസ്വഭാവിക ആൾക്കൂട്ടങ്ങളെ പ്രത്യേകം നിരീക്ഷിക്കും. റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള സംഘടനകളുടെ സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കുമെന്ന് നൗഷാദ് പല്ലച്ചി പറഞ്ഞു.
അതേസമയം തൃക്കാക്കര പോലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ ലഹരി സംഘങ്ങൾക്കെതിരെയുള്ള നിരീക്ഷണവും നടപടിയും പരിശോധനകളും ശക്തമാക്കിയതോടെ ലഹരി വില്പനക്കാരും ഇരകളുമടങ്ങുന്ന രാത്രികാല സംഘങ്ങളുടെ കൂടിച്ചേരലുകൾക്ക് അയവു വന്നിട്ടുണ്ട്.