ബസില്‍ മറന്നുവച്ച കാമറ കണ്ടെത്തി നല്കി പോലീസ്
1543567
Friday, April 18, 2025 4:41 AM IST
കൊച്ചി: ബസ് യാത്രയ്ക്കിടെ യാത്രികൻ മറന്നുവച്ച ലക്ഷങ്ങൾ വിലവരുന്ന കാമറ കണ്ടെത്തി നല്കി എറണാകുളം നോര്‍ത്ത് പോലീസ്. ഇന്നലെ രാവിലെ എറണാകുളം സെമിത്തേരിമുക്കില്‍ നിന്ന് ഹൈക്കോര്‍ട്ട് ജംഗ്ഷനിലേക്ക് പോകാനായി ബസില്‍ കയറിയ പ്രഫഷണല്‍ ഫോട്ടോഗ്രാഫറായ തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ മൂന്നര ലക്ഷം രൂപ വിലവരുന്ന കാമറയാണ് നഷ്ടമായത്.
രാവിലെ 7.15ന് ബസില്‍ കയറിയ ഇദ്ദേഹം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഇറങ്ങി. 7.25 ഓടെയാണ് തന്റെ കൈവശമുണ്ടായിരുന്ന മൂന്നര ലക്ഷത്തിന്റെ കാമറ ബസില്‍ മറന്നുവച്ചുവെന്ന് മനസിലായത്. ഉടന്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഏതു ബസിലാണ് യാത്ര ചെയ്തതെന്ന് പ്രവീണിന് ഓര്‍മയില്ലായിരുന്നു.
നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, പ്രൊബേഷന്‍ എസ്ഐ ഹരികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍ സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ബസിനെക്കുറിച്ച് വിവരം ലഭിച്ചില്ല.
തുടര്‍ന്ന് ആ സമയത്ത് അതുവഴി പോകുന്ന ബസുകളുടെ വിവരമെടുത്ത് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൃഷ്ണവേണി എന്ന ബസില്‍ കാമറ കണ്ടെത്തിയ വിവരം കണ്ടക്ടര്‍ ജൂഡ് അറിയിച്ചത്.
പിന്നീട് സ്റ്റേഷനിലെത്തിയ ജൂഡ് പോലീസ് സാന്നിധ്യത്തില്‍ കാമറ ഉടമയ്ക്ക് കൈമാറുകയായിരുന്നു. വാഗമണില്‍ ഫോട്ടോ ഷൂട്ടിന് പോകാനായി എത്തിയതായിരുന്നു പ്രവീണ്‍.