ഫിസാറ്റിൽ ഏഴുകോടിയുടെ പത്തിലേറെ അന്തർദേശീയ ലാബുകൾക്ക് അനുമതി
1543241
Thursday, April 17, 2025 3:53 AM IST
അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജിൽ പത്തിലേറെ അന്തർദേശീയ ലാബുകൾക്ക് കേന്ദ്രസർക്കാർ അനുമതി. ആപ്പിൾ, എ ഡബ്ല്യൂഎസ്, ഇന്റൽ, വിഎൽഎസ്ഐ, ഐബി എം, മാത്ത് വർക്സ്, കേംബ്രിഡ്ജ്, മൈക്രോസോഫ്റ്റ്, ഓട്ടോഡെസ്ക്, സ്നൈഡർ ഇലക്ട്രിക്ക്, സ്നൈഡർ ഹോം ഓട്ടോമേഷൻ ലാബ് തുടങ്ങി പത്തിലേറെ അന്തർദേശിയ ലാബുകൾ തുടങ്ങുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഡൽഹിയിൽ കേന്ദ്ര നൈപുണ്യ സംഭരംഭകത്വ വികസന മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്തും നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വേദ് തിവാരിയും ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
ക്ളാസ് മുറികളിലെ പഠനത്തോടൊപ്പം വ്യവസായിക മേഖലകളിലെ നൂതന സാദ്ധ്യതകൾ തിരിച്ചറിഞ്ഞു ഫിസാറ്റിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനത്തോടൊപ്പം ഇതു വഴി ഗ്ലോബൽ സർഫിഫിക്കേഷനും ലഭിക്കും. ബിടെക്, എം ടെക്, എം സിഎ, എംബിഎ എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രിക്ക് പുറമെ അന്തർദേശീയ ലാബുകളിൽ നിന്നുള്ള ഏഴു ഗ്ലോബൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ കൂടി ലഭിക്കും.
ഏഴുകോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു എൻജിനീയറിഗ് കോളജിന് പത്തിലേറെ അന്തർദേശീയ ലാബുകൾ അനുവദിക്കുന്നത്. ഈ വർഷം ജൂലൈയോട് കൂടി ലാബുകൾ പ്രവർത്തന ക്ഷമമാകുമെന്ന് ചെയർമാൻ പി.ആർ. ഷിമിത്ത് പറഞ്ഞു.
ചടങ്ങിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ ജനറൽ മാനേജർ വരുൺ ബത്ര, എത്തനോ ടെക് സൊല്യൂഷൻസ് സിഇഓ ഡോ. കിരൺ രാജണ്ണ, എൻഎസ്ഡിസി മാനേജർ സഹിൽ ഗോയൽ, ഫിസാറ്റ് കോളജ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, ചീഫ് ലെയ്സൺ ഓഫീസർ ഷിന്റോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.