തിരുവാഭരണ മോഷണം: പ്രതി പിടിയിൽ
1543566
Friday, April 18, 2025 4:41 AM IST
അരൂർ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണംപോയ സംഭവത്തിൽ കീഴ്ശാന്തിയെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസിൽ രാമചന്ദ്രൻ പോറ്റിയാണ്(42) പിടിയിലായത്. ഇയാളുടെ പക്കൽനിന്നും തിരുവാഭരണത്തിലെ കിരീടം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ 14നാണ് വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം മോഷണം പോയത്. അതോടൊപ്പം കീഴ്ശാന്തിയെയും കാണാതായതിനെ തുടർന്നാണ് ക്ഷേത്രക്കമ്മിറ്റി അരൂർ പോലീസിൽ പരാതി നൽകിയത്.
അന്വേഷണം ആരംഭിച്ച പോലീസിന് കീഴ്ശാന്തിയെക്കുറിച്ചുള്ള വിവരങ്ങൾ കമ്മിറ്റിക്കാരുടെ കൈയിൽ ഇല്ലാത്തത് കൂടുതൽ തലവേദനയായി. അടുത്ത ദിവസം ബാക്കിയുള്ള ആഭരണങ്ങൾ പരിശോധിച്ചപ്പോൾ അത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത് പോലീസിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി.
അന്വേഷണസംഘത്തെ മൂന്നാക്കി തിരിച്ച് രണ്ട് ടീമുകളെ കൊല്ലം ജില്ലയിലേക്കും, ഒരു സംഘം എറണാകുളം ജില്ലയിലേക്കും നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി എറണാകുളം വിട്ട് പോയിട്ടില്ല എന്ന് ബോധ്യമായി. തുടർന്ന് കൊല്ലം ജില്ലയിലെ അന്വേഷണസംഘവും എറണാകുളത്തെത്തി തെരച്ചിൽ തുടരുകയായിരുന്നു. രണ്ടുദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപത്തുള്ള ശിവക്ഷേത്രത്തിന് സമീപത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
അതിനിടെ തന്നെ പോലീസ് ഇയാൾ തേവര ഫെഡറൽ ബാങ്കിൽ സ്വർണം പണയം വെച്ചതായി കണ്ടെത്തിയിരുന്നു. പണം മുഴുവനും ഇയാൾ ഷെയർ ട്രേഡിങ്ങിൽ മുടക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.