എഐ മികവില്‍ പീഡാനുഭവ യാത്ര സിനിമയാക്കി
1543564
Friday, April 18, 2025 4:41 AM IST
കൊച്ചി: കുരിശിന്റെ വഴി പ്രമേയമാക്കി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് മികവില്‍ ചിത്രമൊരുക്കി മലയാളിയായ ലിയോ ടി. ദേവസി. ചരിത്രത്തില്‍ ആദ്യമായാണ് എഐ സാങ്കേതികതയില്‍ ക്രിസ്തുവിന്റെ പീഡാനുഭവ യാത്ര സിനിമയാകുന്നത്. ‘ക്രക്സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇന്തോ-ജര്‍മന്‍ സംരംഭമായ സെവന്ത് പാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജര്‍മനിയില്‍ പ്രദര്‍ശനം തുടരുകയാണ്.
ജര്‍മന്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ യേശുക്രിസ്തുവിന്റെ കുരിശുമരണവും പീഡാസഹന യാത്രയുമാണ് ഉള്ളടക്കം. കുരിശിലേറ്റപ്പെടുന്നതിനു മുമ്പുള്ള 14 സ്ഥലങ്ങളിലൂടെയും യേശു കടന്നുപോകുന്നതും മാതാവിനെയും ശിമയോനെയുമൊക്കെ കാണുന്നതും ചാട്ടവാറിന്റെ അടിയേറ്റ് മൂന്നുവട്ടം നിലത്തു വീഴുന്നതും കാല്‍വരിയിലെ സംഭവവികാസങ്ങളുമൊക്കെ ചിത്രത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.
ചലച്ചിത്രമേഖലയിലെ ജനറേറ്റീവ് എഐയുടെ വരുംകാല സാധ്യതകള്‍കൂടി ‘ക്രക്സ്’ അടയാളപ്പെടുത്തുന്നതായും, ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഡയറക്ടര്‍ ലിയോ ടി. ദേവസി, എക്സിക്യൂട്ടീവ് പ്രോഡ്യൂസര്‍ ഡോ. മേരി കള്ളിയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആറുമാസംകൊണ്ടാണു ചിത്രം പൂര്‍ത്തീകരിച്ചത്. ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെയുള്ള പത്തു ഭാഷകളില്‍ ചിത്രം പ്രേക്ഷകരില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇരുവരും പറഞ്ഞു.