ദേവാലയങ്ങളിൽ പെസഹാ ആചരണം
1543254
Thursday, April 17, 2025 4:07 AM IST
കൊച്ചി: ക്രിസ്തു വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെയും അന്ത്യ അത്താഴത്തിന്റെയും സ്മരണയിൽ ക്രൈസ്തവർ ഇന്നു പെസഹാ ആചരിക്കും. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും.
കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിൽ ഇന്നു രാവിലെ 6.30ന് ആരംഭിക്കുന്ന പെസഹാ ശുശ്രൂഷകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇടുക്കി തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിലെ പെസഹാ ശുശ്രൂഷകളിൽ കാർമികനാകും.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകൾ വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുക. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ രാവിലെ ആറിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും.
യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ തിരുവാങ്കുളം കൃംതാ സെന്റ് ജോർജ് കത്തീഡ്രലിൽ ഇന്നലെ വൈകുന്നേരം പെസഹാ ശുശ്രൂഷകൾ നടന്നു.
കോതമംഗലം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ ഇന്ന് വൈകുന്നേരം നാലിനു ശ്രേഷ്ഠ കാതോലിക്കയുടെ കാര്‍മികത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കും.