ഗതാഗത സംവിധാനത്തിൽ നൂതന ആശയം: വിദ്യാർഥികളെ ആദരിച്ചു
1543545
Friday, April 18, 2025 4:20 AM IST
ആലുവ: ട്രാഫിക്ക് മേഖലയിൽ അപകടങ്ങൾ ഒഴിവാക്കാൻ നൂതനാശയങ്ങൾ അവതരിപ്പിച്ച വിദ്യാർഥികൾക്ക് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ അഭിനന്ദനം. ചിറ്റൂർ എസ്ബിഒഎ പബ്ലിക്ക് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളേയും പ്രധാന അധ്യാപികമാരെയുമാണ് ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് അഭിനന്ദനപ്പത്രം നൽകിയത്.
ഷോൺ ജോസഫ്, വൈഷ്ണവ് സുബിൻ , ജെഫിൻ ആന്റണി, എൻറിക്ക് റോട്രിസ്, രാഹുൽ രാജ്, അഹമ്മദ് ഫംദാൻ, മെർവിൻ മാത്യു ജോർജ്, ആൽവിൻ ജോസഫ്, അവിൻ റോട്രിഗസ് എന്നീ വിദ്യാർഥികൾ, പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ, പ്രധാനാധ്യാപിക ട്രീസ ബിജു എന്നിവരുമാണ് പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.
ആലുവയിൽ സംഘടിപ്പിച്ച ഗതാഗത സെമിനാറിലാണ് വിദ്യാർഥികൾ പ്രൊജക്ട് അവതരിപ്പിച്ചത്. വാഹനങ്ങൾ അമിത വേഗത്തിലോടിച്ചാൽ ഉദ്യോഗസ്ഥരുടെ മൊബൈലിൽ സന്ദേശം വരുന്ന സംവിധാനം, എതിർ വശത്തുനിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചം മൂലം അപകടം തടയുന്ന സംവിധാനം, വഴിയരികിൽ സ്ഥാപിക്കുന്ന ബോക്സിനകത്തെ സ്വിച്ച് വഴി ജിപിഎസ് മോഡ്യൂൾ വഴി പോലീസ് -ഫയർഫോഴ്സ് എന്നിവരെ അറിയിക്കുന്ന സംവിധാനം,
കാർഡ് വഴി ഗേറ്റ് തുറക്കുന്ന സംവിധാനം തുടങ്ങിയവയുടെ ലഘുരൂപങ്ങളാണ് അവതരിപ്പിച്ചത്. ഭാവിയുടെ പ്രതീക്ഷകളാണ് വിദ്യാർഥികളെന്ന് എസ്പി പറഞ്ഞു.