വിദേശജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
1543255
Thursday, April 17, 2025 4:07 AM IST
മുളന്തുരുത്തി: വിദേശത്തുള്ള തൊഴിലവസരങ്ങളുടെ പേരിൽ പലരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ പ്രതിയെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ സ്വദേശി കോട്ടുവള്ളി വീട്ടിൽ രാഹുൽ രാജു (32) ആണ് പിടിയിലായത്. പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ആരക്കുന്നം സ്വദേശികളായ വിഷ്ണു പ്രകാശ്, വിഷ്ണുവിന്റെ സുഹൃത്തായ നിഥിൻ ചന്ദ്രൻ എന്നിവരിൽ നിന്ന് നാലര ലക്ഷത്തിലധികം രൂപ പലപ്പോഴായി കൈപ്പറ്റുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് രാഹുൽ രാജെന്നും പലരിൽ നിന്നായി പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തുന്നുവെന്നും പോലീസ് പറയുന്നു.
ഇയാളുടെ പേരിൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലടക്കം നിരവധി സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ് നിലവിലുണ്ടെന്ന് മുളന്തുരുത്തി എസ്എച്ച്ഒ മനേഷ് പൗലോസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ പ്രതി ആർഭാട ജീവിതം നയിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ് പതിവ്.
നിരന്തരമായ അന്വേഷണത്തെ തുടർന്ന് പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒളിവിലുണ്ടെന്നറിഞ്ഞതിനെ തുടർന്ന് പ്രത്യേക അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ പ്രിൻസി ആർ, സിപിഒമാരായ ജയകുമാർ, റെജിൻപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.