ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണ പുതുക്കി പെസഹ ആചരിച്ചു
1543550
Friday, April 18, 2025 4:27 AM IST
മൂവാറ്റുപുഴ: ക്രിസ്തുവിന്റെ അന്ത്യഅത്താഴ സ്മരണപുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിലെ പെസഹാ വ്യാഴ തിരുക്കർമങ്ങൾക്ക് വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ നേതൃത്വം നൽകി.
റവ.ഡോ. ആന്റണി പുത്തൻകുളം, സഹവികാരി ഫാ. ജോസഫ് കാരക്കുന്നേൽ എന്നിവർ സഹകർമികരായിരുന്നു. രാവിലെ കുർബാനയോട് കൂടി ആരംഭിച്ച തിരുക്കർമങ്ങൾ 12 യുവജനങ്ങളുടെ കാലുകൾ കഴുകിയാണ് നിർവഹിച്ചത്.
അന്ത്യ അത്താഴ സമയത്ത് ഈശോ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെയും എളിമയുടെയും മാതൃക കാണിച്ചതിന്റെ ഓർമയാചരണമാണ് പാദം കഴുകൽ തിരുക്കർമത്തിലൂടെ അനുഷ്ഠിച്ചത്. തുടർന്ന് കുർബാനയും ആരാധനയും ഉണ്ടായിരുന്നു.
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം പെസഹാദിന സന്ദേശം നൽകി. ഇടവകയിലെ ആയിരക്കണക്കിന് ജനങ്ങളാണ് തിരുക്കർമങ്ങളിൽ പങ്കെടുത്തത്.
കൂത്താട്ടുകുളം: ടൗണ്‍ തിരുകുടുംബ ദേവാലയത്തിൽ പെസഹാദിന ശുശ്രൂഷകൾ നടന്നു. വിശുദ്ധ വാരത്തോടനുബന്ധിച്ച് ദേവാലയത്തിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജെയിംസ് കുടിലിൽ, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.
ദേവാലയത്തിൽ രാവിലെ നടന്ന പ്രത്യേക പ്രാർഥന തിരുക്കർമങ്ങളോടെയാണ് പെസഹ ശുശ്രൂഷകൾ ആരംഭിച്ചത്. ശുശ്രൂഷകളുടെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷയും നടന്നു.
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ പെസഹാദിന ശുശ്രൂഷകൾ നടന്നു. പെസഹാ തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോസഫ് ഇടത്തുംപറന്പിൽ, സഹവികാരി ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ജോർജ് വടയാറ്റുകുഴി എന്നിവർ നേതൃത്വം നൽകി.
ദേവാലയത്തിൽ രാവിലെ നടന്ന പ്രത്യേക പ്രാർഥന തിരുക്കർമങ്ങളോടെയാണ് പെസഹാ ശുശ്രൂഷകൾ ആരംഭിച്ചത്. കാൽകഴുകൽ ശുശ്രൂഷയും നടന്നു.
പിറവം: പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര മൽപ്പാൻ ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് കോറെപ്പിസ്ക്കോപ്പാ മുഖ്യകാർമികത്വം വഹിച്ചു. 98 വർഷങ്ങൾക്ക് ശേഷമാണ് കോനാട്ട് കുടുംബം ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നത്.
വൈദികർ, കോറെപ്പിസ്ക്കോപ്പമാർ എന്നിവർക്ക് കാൽകഴുകൽ ശുശ്രൂഷയ്ക്ക് അനുമതിയില്ല. എന്നാൽ റീശ് കോറെപ്പിസ്ക്കോപ്പാ എന്ന നിലയിൽ ഫാ. ജോൺസ് ഏബ്രഹാം കോനാട്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രത്യേക അനുമതി നൽകിയിരുന്നു.