പാലിയേക്കരയിലെ ടോള്‍ നിര്‍ത്തിവയ്ക്കണം: എംപി
1543568
Friday, April 18, 2025 4:41 AM IST
കൊച്ചി: അങ്കമാലി മുതല്‍ പാലിയേക്കര വരെ ഫ്ളൈ ഓവറുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പാലിയേക്കരയിൽ ടോള്‍ ഈടാക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ബെന്നി ബെഹനാന് എംപി. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നുള്ള ടോള്‍ ഈടാക്കല്‍ താത്കാലികമായി നിര്‍ത്തണമെന്ന് ദേശീയപാത 544ലെ യാത്രക്കാരുടെ കനത്ത ദുരിതം ചൂണ്ടിക്കാട്ടി, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരയോട് കത്തയച്ച് ബെന്നി ബെഹനാന് എംപി ആവശ്യപ്പെട്ടു.
അങ്കമാലി മുതല്‍ പാലിയേക്കര വരെയുള്ള ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തില്‍ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ ഫ്ളൈഓവര്‍ നിര്‍മാണം നടക്കുന്നതിനാല്‍ വളരെ രൂക്ഷമായ ഗതാഗത കുരുക്കും സമയനഷ്ടവുമുണ്ടാകുന്നുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
ഈ ദേശീയപാത ഉപയോഗിക്കുന്ന തൊഴില്‍, വിദ്യാഭ്യാസ മേഖലകളിലെയും ചരക്ക് ഗതാഗത മേഖലയിലെയും നിരവധി ആളുകള്‍ക്കും കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. റോഡ് സൗകര്യത്തിന് അനുസൃതമായ ടോള്‍ മാത്രമേ ഈടാക്കാവു എന്നും ബെന്നി ബഹനാന് എംപി പറഞ്ഞു.