പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടുത്തം
1543565
Friday, April 18, 2025 4:41 AM IST
പറവൂർ: വെടിമറ ജാറപ്പടിയിലെ പ്ലാസ്റ്റിക് സംഭരണ ഗോഡൗണിൽ വൻ തീപിടുത്തം. ബുധനാഴ്ച രാത്രി 12 ഓടെയാണ് സംഭവം. പറവൂർ, ഗാന്ധിനഗർ, ആലുവ, അങ്കമാലി, ഏലൂർ, മാള എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സമീപത്തു താമസിച്ചിരുന്ന ഗോഡൗൺ ജീവനക്കാരായ എട്ട് അതിഥി തൊഴിലാളികളുടെ കുടുംബങ്ങൾ തക്ക സമയത്ത് ഉണരുകയും വീടൊഴിയുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേന ഒരുവട്ടം തീയണച്ചെങ്കിലും കനൽ നിലനിന്നതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വീണ്ടും തീ ആളിപ്പടർന്നു. വൈപ്പിൻ, ഏലൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നു വീണ്ടും ഫയർ എൻജിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.
അർധരാത്രിയിലുണ്ടായ തീപിടുത്തം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. മേഖലയിലാകെ പ്ലാസ്റ്റിക് കത്തിയതിന്റെ ഗന്ധം പരന്നതിനെത്തുടർന്ന് പരിസരവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പറവൂർ മൂഞ്ഞേലി ലിജുവാണ് പ്ലാസ്റ്റിക് വസ്തുക്കൾ സംഭരിച്ചു റീസൈക്കിൾ ചെയ്യുന്ന ഗോഡൗണിന്റെ ഉടമ. കെമിക്കൽസ് കൊണ്ടുവരുന്ന ടാങ്കുകളും ഇവിടെ കൊണ്ടുവന്നു റീസൈക്കിൾ ചെയ്യുന്നുണ്ട്.
കെമിക്കലുകളുടെ അംശം ടാങ്കുകളിൽ ഉണ്ടായിരുന്നതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സമയമെടുത്തത്. ഗോഡൗണിനു തീപിടിച്ചതിനെത്തുടർന്നു ഭൂരിഭാഗം ടാങ്കുകളും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നു പുറത്തേക്കു നീക്കിയത് തീപിടുത്തത്തിന്റെ വ്യാപ്തി അൽപം കുറച്ചു. എന്നാൽ, ഗോഡൗൺ കത്തിയതിന്റെ കാരണം വ്യക്തമല്ല.
ജനവാസ മേഖലയിൽ ഗോഡൗൺ പ്രവർത്തിക്കുന്നതിനെതിരെ നേരത്തെ പരാതികൾ ഉയർന്നിരുന്നു. പ്ലാസ്റ്റിക് ശേഖരണ യൂണിറ്റിന്റെ ഓഫീസ് പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് മാത്രമാണ് പഞ്ചായത്ത് നൽകിയിരുന്നത്. ബാക്കി നിർമാണങ്ങൾ അനധികൃതമായതിനാൽ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു.
ലിജുവിന്റെ ഉടമസ്ഥതയിൽ തന്നെ തത്തപ്പിള്ളിയിൽ പ്രവർത്തിച്ചിരുന്ന ഇത്തരത്തിലുള്ള ഗോഡൗൺ ഏതാനും വർഷങ്ങൾക്കു മുൻപു സമാന രീതിയിൽ കത്തിനശിച്ചിരുന്നു.