ഇ-ഫയലിംഗ് നടപടിക്രമങ്ങൾ ലളിതവത്കരിക്കണം
1543551
Friday, April 18, 2025 4:27 AM IST
കോതമംഗലം: ഉപഭോക്താക്കളുടെ പരാതികൾ കാര്യക്ഷമമായും വേഗത്തിലും തീർപ്പാക്കാൻ ഇ-ഫയലിംഗ് നടപടി ക്രമങ്ങൾ ലളിതവത്കരിക്കുകയും അതിൽ പരിശീലനം ലഭ്യമാക്കുകയും ചെയ്യണമെന്ന് ഉപഭോക്തൃ ജാഗ്രതാ സമിതി പ്രസിഡന്റ് ഗോപാലൻ വെണ്ടുവഴി ആവശ്യപ്പെട്ടു. ഉപഭോക്തൃ കോടതികളിൽ അഭിഭാഷകരെ കൂടാതെ സാധാരണക്കാരും കേസ് ഫയൽ ചെയ്യുന്നതിന് എത്തുന്നുണ്ട്.
സാധാരണക്കാരനായ ഒരു പരാതിക്കാരന് ഇ-ഫയലിംഗ് അത്ര എളുപ്പമുള്ള പ്രവർത്തിയല്ല. പരാതി നൽകുന്നതിന് മുന്‍പ് ഓണ്‍ലൈനായി രജിസ്ട്രേഷൻ എടുക്കണം. പിന്നീട് പരാതികളും അനുബന്ധ പ്രമാണങ്ങളും സർക്കാരിന്റെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം.
തുടർന്ന് എല്ലാ രേഖകളുമായി ഉപഭോക്തൃ കോടതിയിൽ നേരിട്ട് എത്തണം. അതിനാൽ കന്പ്യൂട്ടർ പരിജ്ഞാനവും സൗകര്യങ്ങളും ഇല്ലാത്ത ഒരു പരാതിക്കാരന് വിദഗ്ധ സേവനം ലഭിച്ച മറ്റൊരാളുടെ സഹായം ഇല്ലാതെ ഇവിടെ പരാതി നൽകാൻ കഴിയാതെ വരുന്നുണ്ടെന്നും ഗോപാലൻ വെണ്ടുവഴി പറഞ്ഞു.