കരുമാലൂർ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ കെട്ടിടം; മന്ത്രി പി. രാജീവ് തറക്കല്ലിട്ടു
1543530
Friday, April 18, 2025 4:06 AM IST
കരുമാലൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കരുമാല്ലൂർ ഉത്പാദന കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി. ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മാഞ്ഞാലിയിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. കളമശേരി മണ്ഡലത്തിൽ ഖാദി ബോർഡിന് രണ്ട് ഉത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്; കുന്നുകരയും, കരുമാല്ലൂരും.
സ്പിന്നിംഗിലും വീവിംഗിലും ഡൈയിംഗിലുമായി 40 തൊഴിലാളികള്‍ കരുമാല്ലൂർ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ തൊഴിലാളികള്‍ക്ക് ജോലി നല്കാൻ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 100 പേരെയെങ്കിലും ഉള്‍പ്പെടുത്തി വിപുലമായ യൂണിറ്റാണ് കരുമാല്ലൂരില്‍ വിഭാവനം ചെയ്യുന്നത്.
പുതിയ കെട്ടിടത്തിൽ ഗ്രാമവ്യവസായ യൂണിറ്റുകള്‍ക്ക് കോമണ്‍ ഫെസിലിറ്റി സെന്ററായി ഉപയോഗിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തും. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പാക്കിംഗ് ജോലികള്‍ ചെയ്യാന്‍ കഴിയത്തക്കവിധം ക്രമീകരണവും ഏർപ്പെടുത്തും.
കുന്നുകര ഉത്പാദന കേന്ദ്രത്തിൽ സ്പിന്നിംഗ് ആൻഡ് വീവിംഗില് 18 തൊഴിലാളികളും റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റില്‍ ഏഴ് തൊഴിലാളികളും പ്രവര്‍ത്തിക്കുന്നു. പാപ്പിലിയോ എന്ന ബ്രാന്‍ഡിലാണ് ഇവിടെ റെഡിമെയ്ഡ് ഗാര്‍മെന്റുകള്‍ ഉല്പാദിപ്പിക്കുന്നത്.
കരുമാലൂര്‍ പഞ്ചായത്ത് ഷെഡ്യൂള്‍ഡ് ട്രൈബ് വില്ലേജ് ഇന്‍ഡസ്ട്രീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പുന:രുദ്ധരിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
പരമ്പരാഗത അറിവുകള്‍ ഉപയോഗിച്ച് നിർമിക്കുന്ന പ്രകൃതിദത്ത ഉത്പങ്ങള്‍ പായ്ക്ക് ചെയ്ത് വിപണനം ചെയ്യുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. സൊസൈറ്റിയുടെ കെട്ടിടത്തില്‍ ഒരു 'വർക്ക് നിയർ ഹോം' സംവിധാനവും തുടങ്ങും.