വൈപ്പിൻ ബ്ലോക്കിലെ ചുറ്റുമതിൽ വിവാദം : വിജിലൻസ് സംഘം 22ന് പരിശോധനയ്ക്കെത്തും
1543532
Friday, April 18, 2025 4:06 AM IST
വൈപ്പിൻ: വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുതിയ ചുറ്റുമതിൽ കെട്ടിയപ്പോൾ ഭൂമി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയിൽ 22ന് വിജിലൻസ് സംഘം നേരിട്ടെത്തി സ്ഥല പരിശോധന നടത്തും. പരാതിക്കാരെ വിളിപ്പിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യും.
പരാതി നൽകിയ പ്രതിപക്ഷ അംഗങ്ങൾക്ക് ഇതു സംബന്ധിച്ച് വിജിലൻസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കൃത്യമായ അതിർത്തി നോക്കാതെ മതിൽ നിർമിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നര മുതൽ രണ്ട് സെന്റ് വരെ സ്ഥലം സ്വകാര്യ വ്യക്തിയുടെ കോമ്പൗണ്ടിലായെന്നാണ് പ്രതിപക്ഷമായ കോൺഗ്രസിന്റെ ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകിയെങ്കിലും നടപടിയില്ലാതെ വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷീൽഡ് റിബറോ, ട്രീസ ക്ലീറ്റസ് എന്നിവർ ചേർന്ന് വിജിലൻസിനു പരാതി നൽകുകയായിരുന്നു.